'സി.പി.ഐ വിമര്‍ശനം കാര്യമാക്കുന്നില്ല, അവര്‍ക്ക് കേരളത്തിലെ പ്രശ്‌നം അറിയില്ലല്ലോ'; ആനി രാജയ്ക്കെതിരെ എം.എം മണി

'സി.പി.ഐ വിമര്‍ശനം കാര്യമാക്കുന്നില്ല, അവര്‍ക്ക് കേരളത്തിലെ പ്രശ്‌നം അറിയില്ലല്ലോ'; ആനി രാജയ്ക്കെതിരെ എം.എം മണി
Published on

സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉടുമ്പന്‍ചോല എം.എല്‍.എ. എം.എം. മണി. കെ.കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ സി.പി.ഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ല. സമയം കിട്ടിയാല്‍ കൂടുതല്‍ ഭംഗിയായി പറഞ്ഞേനെയെന്നും എം.എം മണി പറഞ്ഞു.

സി.പി.ഐയുടെ പരാമര്‍ശം കാര്യമാക്കുന്നില്ല. ആനിരാജ ഡല്‍ഹിയില്‍ അല്ലെ ഉണ്ടാക്കല്‍, അവര്‍ക്ക് കേരള നിയമസഭയിലെ പ്രശ്‌നം അറിയില്ലല്ലോ എന്നും എം.എം. മണി പറഞ്ഞു. ഇന്നലെ തൊടുപുഴയില്‍ സി.പി.ഐ.എം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എം.എം മണിയുടെ പരാമര്‍ശം.

'സി.പി.ഐ പറഞ്ഞത് ഞാന്‍ കാര്യമാക്കുന്നില്ല. ആനി രാജ, അവര്‍ ഡല്‍ഹിയിലല്ലേ കേരള നിയമ സഭയിലല്ലലോ ഉണ്ടാക്കല്‍. നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയാവൂ. ആനി രാജയ്ക്കെങ്ങനെ അറിയാന്‍ സാധിക്കും. ഇനി അവര്‍ പറഞ്ഞാലും എനിക്ക് അതൊരു വിഷയമല്ല. കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. സമയം കിട്ടിയാല്‍ കൂടുതല്‍ ഭംഗിയായി പറഞ്ഞേനെ', എംഎം മണി പറഞ്ഞു.

കെ.കെ രമയെ അധിക്ഷേപിച്ചുള്ള എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ ആനി രാജ ഇന്നലെ രംഗത്തെത്തിയിരുന്നു. കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ് എന്ന് നേതാക്കള്‍ തിരിച്ചറിയണം. വാദങ്ങളില്‍ ജയിക്കാന്‍ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ആനി രാജ പ്രതികരിച്ചു. കമ്യൂണിസ്റ്റ് എന്ന നിലയില്‍ യോജിക്കാത്തതാണ് ആ പരാമര്‍ശമെന്നും ആനി രാജ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in