തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങിൽ ഒത്തുചേർന്ന് പ്രതിപക്ഷ നേതാക്കൾ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് പാർട്ടി നേതാവ് ഒമർ അബ്ദുല്ല, തൂത്തുക്കുടി എം.പി കനിമൊഴി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയാണ് പുസ്തക പ്രകാശനം നടത്തിയത്. തമിഴ്നടൻ സത്യരാജും ചടങ്ങിൽ പങ്കെടുത്തു.
ഉൻഗളിൽ ഒരുവൻ എന്ന് പേരിട്ട ആത്മകഥ തിങ്കളാഴ്ചയാണ് പ്രകാശനം ചെയ്തത്. ഒരു മലയാളി എന്ന നിലയിൽ ഇവിടെ നിൽക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളികളും തമിഴരും സഹോദരി സഹോദരന്മാരാണ്.
നമ്മുടെ സാഹോദര്യം ശക്തിപ്പെടുത്താൻ സ്റ്റാലിൻ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പറഞ്ഞു. ഫെഡറലിസം ആക്രമിക്കപ്പെടുപ്പോൾ ശക്തമായി എതിർക്കുന്ന നേതാക്കളിൽ ഒരാളാണ് സ്റ്റാലിൻ.
ജനാധിപത്യം ശക്തിപ്പെടുത്താൻ അദ്ദേഹം മുന്നിലുണ്ടാകും. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലും സ്റ്റാലിൻ എന്നും മുന്നിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ശക്തമായ വിമർശനം ഉന്നയിച്ചു. ജനാധിപത്യത്തിന് ശേഷം ആദ്യമായി ഇന്ത്യയിൽ നിന്ന് ആ രാജ്യത്തിന്റെ അവകാശം എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു.
ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. ജനങ്ങളിൽ നിന്ന് അവകാശങ്ങൾ എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങളെ ഭരിക്കുന്നത് യുപിയിലെ ബ്യൂറോക്രാറ്റുകളാണ് ഇപ്പോൾ. വൈവിധ്യമാണ് ഇന്ത്യയുടെ അടയാളം. അത് തന്നെയാണ് നമ്മുടെ ശക്തി, വേദിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.