സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ പരിഹരിക്കാന്‍ തമിഴ്‌നാട് തയ്യാറാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. പരിമിതമായ വിഭവങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാകണം. അന്തര്‍സംസ്ഥാന നദികള്‍ സംരക്ഷിക്കേണ്ടത് ഓരോ സംസ്ഥാനത്തിനും നിര്‍ണായകമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
അനാവശ്യ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പുരോഗതി തടസപ്പെടുത്തും. ശത്രുതയ്ക്കും ഇടയാക്കും. ജലക്ഷാമമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. കുറഞ്ഞ ഭൂഗര്‍ഭജലം മാത്രമാണുള്ളത്. മഴ ലഭ്യതയും വളരെ കുറവാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് കര്‍ഷക സമൂഹമാണ്. പരമ്പരാഗത കൃഷിയെ ആശ്രയിച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ജീവിക്കുന്നുണ്ട്. അവരുടെ സംരക്ഷണം കൂടി അനിവാര്യമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
അയല്‍ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ സഹകരിക്കാനും പ്രശ്നങ്ങള്‍ ക്രിയാത്മകമായും സൗഹാര്‍ദപരമായും പരിഹരിക്കാനും തമിഴ്‌നാട് എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച തിരുപ്പതിയില്‍ നടന്ന ദക്ഷിണ സോണല്‍ സമിതിയുടെ യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടി സ്റ്റാലിന്റെ പ്രസംഗം വായിക്കുകയായിരുന്നു. മഴക്കെടുതിയുടെ ഭാഗമായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ തിരക്കിലായതിനാല്‍ സ്റ്റാലിന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.