ചെന്നൈ: തമിഴ്‌നാട്ടില്‍ ബജറ്റ് സമ്മേളനം നടക്കുന്ന കാലത്ത് നിയമസഭയില്‍ എത്തുന്ന എം.എല്‍.എമാര്‍ക്ക് നല്‍കി വന്നിരുന്ന വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും, സമ്മാനപൊതികളും നല്‍കുന്നത് അവസാനിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണ ബജറ്റ് സമ്മേളനം നടക്കുന്ന കാലത്ത് എം.എല്‍.എമാര്‍ക്ക് ബിരിയാണി പോലുള്ള ഉച്ചഭക്ഷണമോ സമ്മാന പാതികളോ നല്‍കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ സ്വന്തം നിലയ്ക്ക് ഭക്ഷണം കൊണ്ടുവരികയോ അസംബ്ലി പാന്‍ട്രിയില്‍ നിന്ന് കഴിക്കുകയോ ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം. ഓഗസ്റ്റ് 23നും സെപ്തംബര്‍ 21നുമിടയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വെക്കും.
ഓരോ വകുപ്പുകളും എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും സ്റ്റാഫുകള്‍ക്കും പൊലീസിനും സെക്രട്ടറിയേറ്റ് സ്റ്റാഫിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭക്ഷണവും സമ്മാനങ്ങളും നല്‍കുന്നുണ്ട്. പത്തുവര്‍ഷത്തിലേറെയായി ഇത്തരത്തില്‍ ഭക്ഷണമോ സമ്മാനപൊതികളോ നടത്തി വരുന്നുണ്ട്.
'നിയമനിര്‍മാണത്തിന്റെയും സംവാദങ്ങളുടെയും ഉയര്‍ന്ന വേദിയായ അസംബ്ലി അതിന്റെ ലാളിത്യത്തിന് പേരുകേട്ടതാണ്. എന്നാല്‍ ഈ സമ്മാനങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും അതിന്റെ അന്തസ്സും അലങ്കാരവും കുറയ്ക്കുന്നു,' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
1000 ത്തോളം പേര്‍ക്ക് ഒരു ദിവസം ഭക്ഷണം കൊടുക്കാന്‍ ഏകദേശം 3 ലക്ഷത്തിനടുത്ത് രൂപയാണ് ഓരോ വകുപ്പുകള്‍ക്കും ചെലവാകുന്നത്. ബജറ്റ് സമ്മേളനകാലത്ത് ഉച്ചഭക്ഷണം നല്‍കണമെന്നുള്ള ഒരു വ്യവസ്ഥയും നിലവിലില്ല.
ഇതിന് പുറമെ ബജറ്റ് സമ്മേളനം നടക്കുന്ന കാലത്ത് എം.എല്‍.എമാര്‍ക്ക് സൗജന്യ സമ്മാനങ്ങളായി വിലപിടിപ്പുള്ള ബാഗുകള്‍, സ്യൂട്ട് കേസുകള്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ തുടങ്ങി സുഗന്ധ ദ്രവ്യങ്ങളും ആഢംബര വസ്തുക്കളും വരെ നല്‍കുന്നുണ്ട്. ഇവയെല്ലാം നിര്‍ത്തണമെന്നാണ് പുതിയ തീരുമാനം.