പൊലീസ് കേസെടുത്തത് റാലി കണ്ട് ഭയന്ന്; ലീഗ് എന്തു ചെയ്യണമെന്ന് എ.കെ.ജി സെന്ററില്‍ നിന്ന് തിട്ടൂരം വേണ്ടെന്ന് എം.കെ മുനീര്‍

പൊലീസ് കേസെടുത്തത് റാലി കണ്ട് ഭയന്ന്; ലീഗ് എന്തു ചെയ്യണമെന്ന് എ.കെ.ജി സെന്ററില്‍ നിന്ന് തിട്ടൂരം വേണ്ടെന്ന് എം.കെ മുനീര്‍
Published on

വഖഫ് വിഷയത്തില്‍ ലീഗ് സംഘടിപ്പിച്ച സമ്മേളനം കണ്ട് ഭയന്നാണ് മുഖ്യമന്ത്രിയുടെ പൊലീസ് കേസെടുത്തതെന്ന് എം.കെ മുനീര്‍. ലീഗ് എന്തുചെയ്യണമെന്ന് എ.കെ.ജി സെന്ററില്‍ നിന്ന് തിട്ടൂരം വേണ്ട. ലീഗിനെ കേസെടുത്ത് ഭയപ്പെടുത്താമെന്ന് കരുതേണ്ട. ഒരു വിഷയത്തിലും ലീഗ് അഭിപ്രായം പറയേണ്ടെന്ന ധാര്‍ഷ്ട്യം എ.കെ.ജി സെന്ററില്‍ മതി. മുഖ്യമന്ത്രിക്ക് സ്ഥല-ജല വിഭ്രാന്തിയാണ്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പള്ളിക്കമ്മിറ്റികളില്‍ എടുത്തതല്ലെന്നും മുനീര്‍ പറഞ്ഞു.

മുസ്ലിം ലീഗ് മതസംഘടനയാണോ രാഷ്്ട്രീയ പാര്‍ട്ടിയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തെയും മുനിര്‍ പരിഹസിച്ചു. ഇത് ചോദിച്ച പിണറായിയോട് തിരിച്ച് ചോദിക്കാനുള്ളത് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആണോ എന്നാണ്. ഇ.എം.എസിന്റെ സര്‍ക്കാരില്‍ അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിയാണ് ലീഗ്. പാര്‍ട്ടി ഭരണഘടന മാറിയിട്ടില്ല.

വഖഫ് ബോര്‍ഡ് വിഷയത്തെ രാഷ്ട്രീയമായി നേരിടും. സമരവുമായി ലീഗ് മുന്നോട്ട് പോകും. ഏതെങ്കിലും ഒരു നേതാവ് പറഞ്ഞ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് ഒരു സമ്മേളനത്തിന്റെ മൊത്തം സത്തയായി അതിനെ കാണുന്നത് ശരിയല്ലെന്നും മുനീര്‍ പറഞ്ഞു.

ലീഗ് നേതാക്കള്‍ ഓടിളക്കി എം.എല്‍.എമാരായതല്ല. നിയമസഭയിലെടുത്ത ഒരു തീരുമാനത്തെ നിയമസഭയിലെ അംഗമായ ഒരു പാര്‍ട്ടി എതിര്‍ക്കേണ്ടെന്ന അദ്ദേഹത്തിന്റെ തിട്ടൂരം മറ്റ് സ്ഥലങ്ങളില്‍ കാണിച്ചാല്‍ മതി.

പിണറായി വിജയന്‍ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. ലീഗിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് തീരുമാനമെടുത്തത്. കെ.എം. ഷാജി പറഞ്ഞ കാര്യത്തിന് ആവശ്യമില്ലാത്ത വ്യാഖ്യാനം നല്‍കേണ്ടതില്ലെന്നും മുനീര്‍ പറഞ്ഞു. റിയാസിനെതിരായ വിവാദ പരാമര്‍ശത്തില്‍ അബ്ദറഹ്‌മാന്‍ കല്ലായി ഖേദപ്രകടനം നടത്തിയതോടെ ആ വിഷയം അവസാനിച്ചുവെന്നും മുനീര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in