കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ നിലതെറ്റി ബിജെപി. തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയിയും മകനും മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലിലേക്ക് തിരികെ മടങ്ങിയതിന് ശേഷമാണ് പാര്‍ട്ടിയില്‍ വീണ്ടും പ്രതിസന്ധി കനക്കുന്നത്.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായി ബിജെപി നേതാവ് സുവേന്ദു അധികാരി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ഭൂരിപക്ഷം ബിജെപി എം.എല്‍.എമാരും വിട്ടു നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപി വിട്ട് തൃണമൂലിലേക്ക് പോയേക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമാകുകയാണ്.
തിങ്കളാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറിനെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാരുടെ സംഘം കണ്ടത്.
ബംഗാള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചില പരാതികള്‍ ഗവര്‍ണറെ ബോധിപ്പിക്കാനായിരുന്നു പ്രധാനമായും സുവേന്ദു അധികാരി ഗവര്‍ണറുടെ വസതിയിലെത്തിയത്. ബിജെപിയുടെ 74 എംഎല്‍എമാരില്‍ 24 പേര്‍ ഗവര്‍ണറുമായുള്ള സുവേന്ദു അധികാരിയുടെ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു
എംഎല്‍എമാരുടെ അസാന്നിധ്യം പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. മുപ്പതിലധികം ബിജെപി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തുമെന്ന് നേരത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പലരും പ്രഖ്യാപിച്ചിരുന്നു.
മുകുള്‍ റോയ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഇനിയും കൂടുതല്‍ പേര്‍ തൃണമൂലിലേക്ക് മടങ്ങുമെന്ന് മമത ബാനര്‍ജിയും കൂട്ടിച്ചേര്‍ത്തിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് സുവേന്ദു അധികാരി ബിജെപിയിലെത്തുന്നത്. മമത ബാനര്‍ജിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച സുവേന്ദു അധികാരി തന്നെയാണ് ബംഗാളിലെ പ്രതിപക്ഷ നേതാവും. സുവേന്ദുവിന്റെ നേതൃത്വത്തിനോട് പല ബിജെപി എംഎല്‍എമാര്‍ക്കും എതിര്‍പ്പുണ്ടെന്നും സൂചനകളുണ്ട്.