തെറ്റ് ആരു ചെയ്താലും തെറ്റുതന്നെ: സിപിഎം തിരുവാതിരയില്‍ ആരോഗ്യമന്ത്രി

തെറ്റ് ആരു ചെയ്താലും തെറ്റുതന്നെ: സിപിഎം തിരുവാതിരയില്‍ ആരോഗ്യമന്ത്രി
Published on

സിപിഎം തിരുവാതിരയില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തെറ്റ് ആര് ചെയ്താലും തെറ്റുതന്നെയാണ്. തിരുവാതിര തെറ്റെന്ന് പാര്‍ട്ടി തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് വീണ ജോര്‍ജ് പറഞ്ഞത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കൊവിഡ് രോഗികള്‍ ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മെഗാ തിരുവാതിര നടത്തിയത്. ചെറുവാരക്കോണം സി.എസ്.ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മെഗാ തിരുവാതിരയില്‍ 502 പേരാണ് പങ്കെടുത്തത്. പരിപാടി കാണാനും 500ലേറെ പേരെത്തി. പൊതു പരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന മാനദണ്ഡം നിലനില്‍ക്കെയായിരുന്നു തിരുവാതിര.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ രോഗം അതിതീവ്രമായാണ് വ്യാപിക്കുന്നത്. എല്ലാവരും ഒന്നിച്ച് നിന്ന് കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഡെല്‍റ്റയും ഒമിക്രോണും ഒരുമിച്ചാണ് വ്യാപിക്കുന്നത്. അതിനാല്‍ അതീവ്ര ജാഗ്രത ആവശ്യമാണെന്നും എന്‍95, അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക്കിങ്ങ് നിര്‍ബന്ധമാക്കണമെന്നും മന്ത്രി അറിയിച്ചു.

ഒമിക്രോണിനെ നിസാരമായി കാണരുത്. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി വ്യാപനമാണ് ഒമിക്രോണിന് ഉണ്ടാകുന്നത്. ഡെല്‍റ്റയില്‍ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഒമിക്രോണില്‍ ഈ അവസ്ഥയുണ്ടാവുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in