ഡല്‍റ്റയും ഒമിക്രോണും ഒരുമിച്ച്, സംസ്ഥാനത്ത് അതിതീവ്ര വ്യാപനം; എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ആരോഗ്യമന്ത്രി

ഡല്‍റ്റയും ഒമിക്രോണും ഒരുമിച്ച്, സംസ്ഥാനത്ത് അതിതീവ്ര വ്യാപനം; എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ആരോഗ്യമന്ത്രി
Published on

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ തന്നെ രോഗം അതിതീവ്രമായാണ് വ്യാപിക്കുന്നത്. എല്ലാവരും ഒന്നിച്ച് നിന്ന് കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹകരിക്കണമെന്നും ആരോഗ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് മരുന്നിന് ക്ഷാമമില്ലെന്നും തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മന്ത്രി പറഞ്ഞത്:

സംസ്ഥാനത്തെ രോഗബാധ അതിതീവ്ര ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. കരുതലോടെ നേരിടേണ്ട അവസ്ഥയാണ്. രാഷ്ട്രീയ കക്ഷിഭേദമന്യേ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. ഡല്‍റ്റയ്ക്ക് ഒപ്പം ഒമിക്രോണും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ നിസാര വൈറസ് ആണെന്ന് തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഒമിക്രോണിനെ നിസാരമായി കാണരുത്. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി വ്യാപനമാണ് ഒമിക്രോണിന് ഉണ്ടാകുന്നത്. ഡെല്‍റ്റയില്‍ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഒമിക്രോണില്‍ ഈ അവസ്ഥയുണ്ടാവുന്നില്ല. ഈ ഘട്ടത്തില്‍ ഡബിള്‍ മാസ്‌ക്കിങ്ങോ, എന്‍95 മാസ്‌കോ ഉപയോഗിക്കണം.

രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രി, ഐസിയു രോഗികള്‍ വര്‍ധിക്കുന്ന അവസ്ഥയുണ്ടാവും. അതിനാല്‍ ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം ഉള്‍പ്പെടെ കുറഞ്ഞ ആളുകള്‍ മാത്രം എത്താന്‍ ശ്രദ്ധിക്കണം. അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ഇതോടൊപ്പം സ്ഥാപനങ്ങള്‍ ക്ലസ്റ്റര്‍ കേന്ദ്രങ്ങളാകുന്ന സാഹചര്യവും ഒഴിവാക്കണം. പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണ്ടേതുണ്ട്. രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണം. വാക്സിനേഷന് എതിരായ വാര്‍ത്തകള്‍ ശരിയല്ല.

Related Stories

No stories found.
logo
The Cue
www.thecue.in