'കോണ്‍ഗ്രസ് കലാപപ്രഖ്യാപനം നടത്തുന്നു', സിനിമാ ഷൂട്ടിങ് തടസപ്പെടുത്തുന്നത് അപലപനീയമെന്ന് മന്ത്രി സജി ചെറിയാന്‍

'കോണ്‍ഗ്രസ് കലാപപ്രഖ്യാപനം നടത്തുന്നു', സിനിമാ ഷൂട്ടിങ് തടസപ്പെടുത്തുന്നത് അപലപനീയമെന്ന് മന്ത്രി സജി ചെറിയാന്‍
Published on

സിനിമാഷൂട്ടിങ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനം അപലപനീയമെന്ന് മന്ത്രി സജി ചെറിയാന്‍. കോണ്‍ഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും, തൊഴില്‍ മേഖലയോടും കലാപപ്രഖ്യാപനം നടത്തുകയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന മലയാള സിനിമാ മേഖലയെ തകര്‍ക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സംഘടിത ശ്രമം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'ജോജു ജോര്‍ജ് എന്ന ചലച്ചിത്ര നടന്‍ ജനാധിപത്യപരമായി തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ അക്രമണപാത സ്വീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇതിനു ശേഷം നിലതെറ്റിയ കോണ്‍ഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും തൊഴില്‍ മേഖലയോടുമുള്ള കലാപ പ്രഖ്യാപനം നടത്തുകയാണ്.

യൂത്ത്‌കോണ്‍ഗ്രസ് നടത്തുന്ന പ്രതികാര സമരത്തിന്റെ ഭാഗമായി, കാഞ്ഞിരപ്പള്ളിയില്‍ കടുവ എന്ന സിനിമയുടെയും കോലഞ്ചേരിയില്‍ കീടം എന്ന സിനിമയുടെയും ചിത്രീകരണം തടസപ്പെടുന്ന സാഹചര്യമുണ്ടായി.കേരളത്തില്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന കലാകാരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇത് പൂര്‍ണമായും നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

സിനിമാഷൂട്ടിങ് സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തടസ്സപ്പെടുത്തുന്നതിനു കാഞ്ഞിരപ്പള്ളിയിലെയും കോലഞ്ചേരിയിലെയും പോലെയുള്ള സാമൂഹികവിരുദ്ധ നടപടികള്‍ വഴിയൊരുക്കും.

സംസ്ഥാനത്തിന്റെ പൊതുപ്രതിച്ഛായയെയും ദോഷകരമായി ബാധിക്കുന്ന വിഷയമാണിത്. ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സിനിമാമേഖലയില്‍ ഉള്‍പ്പെടെ സുരക്ഷിത തൊഴില്‍ സാഹചര്യവും പ്രവര്‍ത്തനാന്തരീക്ഷവും സര്‍ക്കാര്‍ ഉറപ്പാക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്‍മാറണം', മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

'കോണ്‍ഗ്രസ് കലാപപ്രഖ്യാപനം നടത്തുന്നു', സിനിമാ ഷൂട്ടിങ് തടസപ്പെടുത്തുന്നത് അപലപനീയമെന്ന് മന്ത്രി സജി ചെറിയാന്‍
'ജോജുവിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധമുണ്ടായേക്കാം, അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല'; കെ.മുരളീധരന്‍

Related Stories

No stories found.
logo
The Cue
www.thecue.in