തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മന്ത്രി ആര്‍ ബിന്ദു. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും, പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാര്‍ഗരേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ട്രാന്‍സ് ക്ലിനിക്കുകള്‍ സ്ഥാപിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ശാരീരികവും മാനസീകവും ആയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിക്കാന്‍ 23ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് യോഗം മന്ത്രി ആര്‍ ബിന്ദു വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനും തീരുമാനമായി.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന ചൂഷണവും, വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും നിര്‍ദേശം നല്‍കിയിട്ടുണ്ട്.