ഫോട്ടോ എടുത്ത് പോകുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണം; പരിഹസിച്ച് മുഹമ്മദ് റിയാസ്

ഫോട്ടോ എടുത്ത് പോകുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണം; പരിഹസിച്ച് മുഹമ്മദ് റിയാസ്
Published on

കേന്ദ്ര മന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൂര്‍ത്തിയാകാറായ പദ്ധതികള്‍ക്ക് മുന്നില്‍ നിന്ന് ചിത്രമെടുത്ത് പോകുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണമെന്ന് റിയാസ് നിയമ സഭയില്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ദിവസവും പത്രസമ്മേളനം നടത്തുന്നുണ്ട്. അതിനേക്കാള്‍ കുഴി സംസ്ഥാനത്ത് ദേശീയ പാതയില്‍ നിലവില്‍ ഉണ്ട് എന്നും റിയാസ് പറഞ്ഞു.

ദേശീയപാത അതോരിറ്റിയുടെ കീഴിലുള്ള റോഡുകളുടെ പരിപാലന ചുമതല അവര്‍ക്ക് തന്നെയാണ്. ഈ വിഷയം നിരവധി തവണ സഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. ദേശീയ പാത അതോരിറ്റിയെ അറിയിച്ചിട്ടുമുണ്ട്. കുറെകൂടി ജാഗ്രതയോടെ ഇടപെടേണ്ടതുണ്ടെന്നും റിയാസ് പറഞ്ഞു.

ഒരുപാട് കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് വരുന്നുണ്ട്. അവര്‍ ഉദ്ഘാടനം ഉറപ്പായ പദ്ധതികളില്‍ വന്ന് ഫോട്ടോ എടുത്ത് പോകുന്നുമുണ്ട്. അത്തരം കേന്ദ്രമന്ത്രിമാരും ദേശീയ പാത അതോരിറ്റിക്ക് കീഴിലുള്ള കുഴി എണ്ണാന്‍ ഇതുപോലെ പ്രത്യേക ചുമതല എടുത്തുകൊണ്ട് ശ്രദ്ധിക്കുന്നത് കൂടി നന്നാവും എന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 25 ശതമാനം തുകയാണ് കേരളം നല്‍കിയത്. ഇന്ത്യയിലെ മറ്റൊര് സംസ്ഥാനവും തയ്യാറാകാത്ത കാര്യമാണിത്. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. വികസനത്തിന്റെ എവര്‍റോളിംഗ് ട്രോഫി ആഗ്രഹിച്ചല്ല ഇതൊന്നും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി കഴക്കൂട്ടം ബൈപ്പാസില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്. ലോകകാര്യങ്ങള്‍ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.

മുഹമ്മദ് റിയാസിന്റെ വാക്കുകള്‍

ദേശീയപാത അതോരിറ്റിയുടെ കീഴിലുള്ള റോഡുകളുടെ പരിപാലന ചുമതല അവര്‍ക്ക് തന്നെയാണ്. ഈ വിഷയം നിരവധി തവണ സഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. ദേശീയ പാത അതോരിറ്റിയെ അറിയിച്ചിട്ടുമുണ്ട്. കുറെകൂടി ജാഗ്രതയോടെ ഇടപെടേണ്ടതുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് എന്നുള്ളതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരും കുറേ കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കേന്ദ്ര മന്ത്രിമാരെ കണ്ടപ്പോഴും ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ സംസ്ഥാനത്ത് പരിശോധിച്ച് കഴിഞ്ഞാല്‍ ദേശീയ പാതയിലും നിരവധി കുഴികളുണ്ട്. നമ്മുടെ സംസ്ഥാനത്ത് ജനിച്ച് വളര്‍ന്ന് മറ്റൊരു സംസ്ഥാനത്ത് രാജ്യസഭാംഗമായി ഇപ്പോള്‍ കേന്ദ്രമന്ത്രിവരെയായ വ്യക്തിയുണ്ട്. ആവുന്നത് നല്ല കാര്യം. അദ്ദേഹം ഒട്ടുമിക്ക ദിവസങ്ങളിലും പത്രസമ്മേളനം നടത്താറുണ്ട്. പത്രസമ്മേളനം നടത്തുന്നതും നല്ല കാര്യം തന്നെ. അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തേക്കാള്‍ കുഴി കേരളത്തിലെ ദേശീയപാതയിലുണ്ട് എന്നത് വസ്തുതയാണ്. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും അദ്ദേഹം ഇന്നുവരെ ഇത് പരിഹരിക്കാനായി ഇടപെട്ടിട്ടില്ല.

ഇപ്പോള്‍ ഒരുപാട് കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് വരുന്നുണ്ട്. നല്ല കാര്യമാണ്. ആ മന്ത്രിമാര്‍ ഉദ്ഘാടനം ഉറപ്പായ പദ്ധതികളില്‍ വന്ന് ഫോട്ടോ എടുത്ത് പോകുന്നുമുണ്ട്. അത്തരം കേന്ദ്രമന്ത്രിമാരും ദേശീയ പാത അതോരിറ്റിക്ക് കീഴിലുള്ള കുഴി എണ്ണാന്‍ ഇതുപോലെ പ്രത്യേക ചുമതല എടുത്തുകൊണ്ട് ശ്രദ്ധിക്കുന്നത് കൂടി നന്നാവും എന്ന ഒരു അഭിപ്രായവും ഞങ്ങള്‍ക്ക് ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in