വകുപ്പ് ഏതായാലും ജനങ്ങള്‍ക്ക് റോഡ് നന്നായാല്‍ മതി, എല്ലാ മാസവും റോഡുകള്‍ പരിശോധിക്കുമെന്ന് മന്ത്രി റിയാസ്

വകുപ്പ് ഏതായാലും ജനങ്ങള്‍ക്ക് റോഡ് നന്നായാല്‍ മതി, എല്ലാ മാസവും റോഡുകള്‍ പരിശോധിക്കുമെന്ന് മന്ത്രി റിയാസ്
Published on

റോഡുകള്‍ ഏത് വകുപ്പിന്റേതാണെല്ല, എല്ലാ റോഡുകളും നന്നായിരിക്കണമെന്നതിലാണ് കാര്യമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ആകെയുള്ള ഒന്നരലക്ഷത്തിലധികം കിലോമീറ്റര്‍ റോഡില്‍ ഏകദേശം ഒരു ലക്ഷം കിലോമീറ്റര്‍ അധികം റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ല.എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളെ ഏല്‍പ്പിച്ച പ്രവര്‍ത്തനം നന്നായി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിയാസ് പറഞ്ഞു.

'പൊതുമരാമത്ത് വകുപ്പിന്റെ റോഡുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ റോഡുണ്ട്, മറ്റു വകുപ്പുകള്‍ക്കും റോഡുണ്ട്. കേരളത്തില്‍ ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡുണ്ട്. അതില്‍ 32,000 കിലോമീറ്റര്‍ മാത്രമാണ് പൊതുമരാമത്തിന്റെ കീഴിലുള്ളത്. ഏകദേശം ഒരു ലക്ഷം കിലോമീറ്ററിലധികം വരുന്ന റോഡുകള്‍ പൊതുമരാമത്തിന്റേതല്ല. എന്നാല്‍ ജനങ്ങളെ സംബന്ധിച്ച് ഇന്ന റോഡ് എന്നില്ല. എല്ലാ റോഡും നന്നാകണം. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്,' റിയാസ് പറഞ്ഞു.

സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്നും റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിയാകണം പരിശോധന നടത്തേണ്ടത്. ഇതിന്റെ ഫോട്ടോ പരസ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

റോഡ് നിര്‍മാണത്തിന് വര്‍ക്കിംഗ് കലണ്ടര്‍ കൊണ്ടു വരും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെന്‍ഡര്‍ നടപടികള്‍ നടത്തും. മഴ മാറുന്നതോടെ ഒക്ടോബര്‍ മുതല്‍ അഞ്ച് മാസം അറ്റകുറ്റ പണികള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം വടകര റസ്റ്റ് ഹൗസിനെക്കുറിച്ച് മറ്റ് ചില പ്രശ്‌നങ്ങളും പരാതികളും ലഭിച്ചിരുന്നുവെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ നവീകരിക്കാനും ഓണ്‍ലൈന്‍ ബുക്കിംഗ് ഉറപ്പ് വരുത്താനും ശുചിത്വം ഉറപ്പ് വരുത്താനും കഴിഞ്ഞ നാല് മാസമായി തീരുമാനമെടുത്ത് മുന്നോട്ട് പോവുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗില്‍ ഒരുമാസം കൊണ്ട് 27.5 ലക്ഷം രൂപ സര്‍ക്കാരിന് കിട്ടിയെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെയും എറണാകുളത്തെ ഒരു റസ്റ്റ് ഹൗസിലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇങ്ങനെ മഹാഭൂരിപക്ഷവും നന്നായി പ്രവര്‍ത്തിക്കുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in