കൊച്ചി:കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്‌സ് എംഡിയുടെ ശ്രമമെന്നും നാടിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയുമെന്നും കിറ്റക്‌സ് വിവാദത്തില്‍ വ്യവസായ മന്ത്രി പി രാജീവ്.
ഏത് സര്‍ഗാത്മക വിമര്‍ശനങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ നാടിനെ തകര്‍ക്കാനുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളയുമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സംവാദം തുടര്‍ച്ചയായി കൊണ്ടു പോകുന്നത് നാടിന്റെ താല്‍പര്യത്തിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ കേരളം പൊട്ടക്കിണറ്റിലെ തവളയാണന്ന് കിറ്റെക്സ് എം.ഡി. സാബു എം.ജേക്കബ്. തെലങ്കാനയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം സാബു എം ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പൊട്ടക്കുളത്തിലെ തവളയുടെ അറിവ് വച്ചാണ് പലരും കിറ്റെക്സിനെ വിമര്‍ശിക്കുന്നത്. കമ്പനി നടത്തുന്ന തന്നെക്കാള്‍ അറിവ് പി.ടി തോമസിന് എങ്ങനെയാണ് കിറ്റെക്സിനെ കുറിച്ച് ഉള്ളതെന്നും സാബു എം.ജേക്കബ്. തെലങ്കാനയില്‍ മാലിന്യ സംസ്‌കരണം ഉള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുക്കാമന്ന് ഉറപ്പുനല്‍കിയെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.
സാബു എം. ജേക്കബ് മാധ്യമങ്ങളോട്
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരാതി കൊടുത്തപ്പോള്‍ തന്നെ റെയ്ഡ് നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. പരാതിക്ക് തെളിവുണ്ടോ എന്ന് നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് ഗൂഢാലോചനയാണ് കിറ്റെക്സിനെതിരെ നടന്നത്.
കമ്പനി പൂട്ടിക്കാന്‍ ആരൊക്കെ ശ്രമിച്ചുവെന്നതിനും ആസൂത്രിത ഗൂഢാലോചനക്കും തെളിവുണ്ട്. കഴുത്തിന് പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചാല്‍ സഹിക്കാന്‍ ഞാന്‍ തയ്യാറല്ല, അടച്ചുപൂട്ടണമെങ്കില്‍ പൂട്ടും. മറ്റ് സംസ്ഥാനങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് കേരളം അറിയുന്നില്ലെന്നും സാബു പരിഹസിച്ചു.
ഒരു സ്ഥാപനം കേരളത്തില്‍ നിന്ന് പോവുകയാണെന്ന് പറയുമ്പോള്‍ ഓഹരി വില ഉയര്‍ന്നത് കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ആയത് കൊണ്ടാണോ എന്നും സാബു എം.ജേക്കബ്. 61 വന്‍കിട ഫാക്ടറികള്‍ കേരളത്തില്‍ നിന്ന് പ്രവര്‍ത്തനം നിര്‍ത്തി പോയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്നും സാബു എം.ജേക്കബ്.