മന്ത്രി കെ.ടി.ജലീലിന്റെ ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി എടപ്പാല്‍ സ്വദേശി യാസിര്‍. തനിക്കെതിരെ പോസ്റ്റിട്ടതിന് യാസിറിനെ യുഎഇയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ കെ.ടി.ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മന്ത്രി പകപോക്കാന്‍ രാജ്യദ്രോഹികളെ കൂട്ടുപിടിക്കുകയായിരുന്നുവെന്ന ആരോപണവുമായി യാസിര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വാട്‌സ്ആപ്പ് വിവരങ്ങളടക്കം ചോര്‍ത്തിയെന്ന് യാസിര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മീഡിയ വണ്‍ ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു യാസിറിന്റെ വെളിപ്പെടുത്തല്‍. ഫോണ്‍ ഹാക്ക് ചെയ്‌തെങ്കിലും വാട്‌സ്ആപ്പ് വിവരങ്ങള്‍ മാത്രമാണ് ചോര്‍ത്താനായതെന്ന ഗുരുതര വെളിപ്പെടുത്തലാണ് ഇയാള്‍ നടത്തിയത്.
'ഒന്നു രണ്ട് മാസം മുമ്പ് ഞങ്ങളുടെ ഐ.ടി സെല്‍ കെ.ടി.ജലീലിന്റെ ഫോണ്‍ ചോര്‍ത്തിയിരുന്നു. അതില്‍ നിന്ന് തന്നെ കെ.ടി.ജലീല്‍ കെ.എം.സി.സി.യെ അപകീര്‍ത്തിപ്പെടുത്തുന്നതായുള്ള ഒന്ന് രണ്ട് വോയ്‌സ് ക്ലിപ്പുകള്‍ ലഭിച്ചിരുന്നു. ഞാനത് പബ്ലിക്കിന്റെ ഇടയില്‍ ഇറക്കിയിരുന്നു. കുറേ മാധ്യമങ്ങളും വാര്‍ത്ത ചെയ്തിരുന്നു. അതിന്റെ വിദ്വേഷം കൂടി അദ്ദേഹത്തിനുണ്ടാകും. മന്ത്രിയുടെ വാട്‌സ്ആപ്പാണ് ഹാക്ക് ചെയ്യാന്‍ പറ്റിയത്. അത് നിയമവിരുദ്ധമാണെന്നറിയാം. ഞാനല്ല അത് ചെയ്തത്. അതുകൊണ്ട് അതിന്റെ കേസ് എന്റെ പുറത്ത് വരില്ല, അത് യുഎഇയില്‍ നിന്നുമല്ല ചെയ്തിട്ടുള്ളത്', യാസിര്‍ പറഞ്ഞു.
അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് സംസ്ഥാനത്ത് ലീഗ് നേതൃത്വം നടത്തിയിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. നേതാവ് എ.എ.റഹിം പ്രതികരിച്ചു. 'മുസ്ലിം ലീഗിന്റെ ഐടി സെല്‍ ആണ് ഹാക്കിംഗ് നടത്തിയത് എന്നും ഈ വെളിപ്പെടുത്തല്‍ വീഡിയോയിലുണ്ട്. ഹാക്ക് ചെയ്തപ്പോള്‍ കണ്ടതും കേട്ടതുമായ സ്വകാര്യ സന്ദേശങ്ങളും അയാള്‍ വിളിച്ചു പറയുന്നുണ്ട്. മറ്റ് മന്ത്രിമാരുടെയും രാഷ്ട്രീയ എതിരാളികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണും സമാനമായി ഹാക്ക് ചെയ്തിട്ടുണ്ടാകാം.'
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നും റഹിം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഗുരുതരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന ഒരാളെ മുന്നില്‍ നിര്‍ത്തി മന്ത്രി കെ.ടി.ജലീലിനെ അക്രമിക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ തെറ്റ് തിരുത്തണമെന്നും റഹിം ആവശ്യപ്പെടുന്നു.