പാലത്തായി പീഡനക്കേസില്‍ തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെകെ ശൈലജ. ആര്‍എസ്എസുകാരനായ പ്രതിക്ക് വേണ്ടി താന്‍ നിലകൊണ്ടുവെന്ന അപവാദപ്രചരണം തന്നെ അറിയുന്ന ആരും വിശ്വസിക്കില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറയുന്നു. പ്രതിയായ അധ്യാപകന്‍ സമൂഹത്തിന് തന്നെ അപമാനമാണ്. അയാള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. ചിലര്‍ രാഷ്ട്രീയ പ്രേരിതവും വ്യക്തിഹത്യാപരവുമായ പരാമര്‍ശം നടത്തുകയാണെന്നും കെകെ ശൈലജ പറയുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കുറേ ദിവസങ്ങളായി പാലത്തായി കേസുമായി ബന്ധപ്പെട്ട് ചിലര്‍ രാഷ്ട്രീയ പ്രേരിതവും വ്യക്തിഹത്യാപരവുമായ പരാമര്‍ശം നടത്തിക്കൊണ്ട് പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച നിജസ്ഥിതി നാട്ടിലെ ബഹുജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് കരുതുന്നു.
എന്റെ നിയോജക മണ്ഡലത്തിലെ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഇടപെടാന്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും ഞാന്‍ സമയം കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മാവനും, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും, മറ്റു കമ്മിറ്റി അംഗങ്ങളും ഡി. വൈ. എസ്. പിയുടെ മുന്നില്‍ പരാതി ബോധിപ്പിക്കാന്‍ നില്‍ക്കുകയായിരുന്നു. അവരുടെ മുന്നില്‍ വച്ച് തന്നെ ഡി.വൈ.എസ്.പിയോട് ആ കേസില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പിന്നീട് പ്രതിയുടെ അറസ്റ്റ് വൈകുന്നു എന്ന് കണ്ടപ്പോള്‍ ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ലോക്കല്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് അന്വേഷണം ശക്തമാക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല എന്ന കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കുകയാണെന്നും പോക്‌സോ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.
ഒരു പാവപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസുകാരനായ പ്രതിക്കു വേണ്ടി ഞാന്‍ നിലകൊണ്ടു എന്ന അപവാദപ്രചാരണം എന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരം കേസില്‍ പ്രതിയായ അധ്യാപകന്‍ സമൂഹത്തിന് തന്നെ അപമാനമാണ്. അയാള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നതാണ്. പെണ്‍കുട്ടിയുടെ കുടുംബവുമായി വീണ്ടും ബന്ധപ്പെട്ടിരുന്നു. ആ കുട്ടിയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും വനിതാ ശിശു വികസന വകുപ്പ് മന്ത്രി എന്ന നിലയില്‍ സ്വീകരിക്കും.