ഇസ്ലാമിക തീവ്രവാദികള്‍ തന്നെ,സൈബര്‍ ആക്രമണത്തില്‍ കടകംപള്ളി

ഇസ്ലാമിക തീവ്രവാദികള്‍ തന്നെ,സൈബര്‍ ആക്രമണത്തില്‍ കടകംപള്ളി
Published on

അഭിമന്യുവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീവ്രവാദികളാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് അതാവാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദ ക്യുവിനോട് പ്രതികരിച്ചു.

താന്‍ പറഞ്ഞത് തെറ്റാണെന്ന് പറയാനുള്ള അവകാശം ആര്‍ക്കും ഉണ്ട്. അത് അവര്‍ പറയട്ടെ. സൈബര്‍ ആക്രമണം നടത്തുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ
കടകംപള്ളി സുരേന്ദ്രന്‍

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതായിരുന്നു

അഭിമന്യു ...

ഇസ്ലാമിക തീവ്രവാദികള്‍ ഇല്ലാതാക്കിയതാണ്...

നന്മ നിറഞ്ഞ ഈ ചിരി

പക്ഷേ, ഒരിക്കലും മായില്ല...

അഭിമന്യു കോറിയിട്ട

മുദ്രാവാക്യവും...

' വര്‍ഗീയത തുലയട്ടെ '

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്.

ഇസ്ലാമിക തീവ്രവാദി എന്ന പ്രയോഗത്തിനെതിരെ യൂത്ത് ലീഗ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയെ പറയാതെ ഇസ്ലാമിക തീവ്രവാദം പറഞ്ഞത് വര്‍ഗീയത പരത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം വിമര്‍ശിച്ചിരുന്നു.

നജീബിന്റെ കുറിപ്പ്

കടകംപള്ളി സുരേന്ദ്രന് അഭിമന്യുവിനെ കൊന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ മേൽവിലാസം എന്താണെന്നും കൃത്യമായി അറിയാം. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് ഉത്തരേന്ത്യൻ ട്വിറ്റർ ഹാൻഡിലുകളിൽ ഇസ്‍ലാമിക തീവ്രവാദികൾ ഹിന്ദുവിനെ കൊന്നു എന്നൊരു കാമ്പയിൻ നടന്നിരുന്നു. കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് SDPI യാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വർഗീയത കത്തിക്കാൻ വേണ്ടിയായിരുന്നു. രണ്ട് വർഷങ്ങൾക്കിപ്പുറം കടകംപള്ളി സുരേന്ദ്രൻ എന്ന മന്ത്രി പഴയ ട്വിറ്റര് പ്രചാരണത്തെ കൂട്ടുപിടിച്ചാണ് അഭിമന്യുവിനെ അനുസ്മരിക്കുന്നത്. രണ്ട് കൂട്ടരുടെയും ഉദ്ദേശം പറ്റാവുന്ന വിധം തെറ്റിദ്ധരിപ്പിച്ച് ആവുന്നത്ര വർഗീയത പരത്തുക എന്നത് തന്നെയാണ്. വർഗീയത 'പൂത്തുലയട്ടെ' എന്നാണ് കടകംപള്ളിയും ഉത്തരേന്ത്യൻ സംഘിയും ഒരുമിച്ചു പറയുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാവും.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളജ് ക്യാമ്പസില്‍ വച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും പുറത്ത് നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലനം നേടിയ കൊലയാളികളുമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് നിഗമനം. സഹല്‍ ഹംസ, മുഹമ്മദ് ഷഹീം എന്നീ പ്രതികളെ രണ്ട് വര്‍ഷമായിട്ടും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. 2020 ജൂണ്‍ 18നാണ് സഹല്‍ ഹംസ കീഴടങ്ങിയത്. പ്രതി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകയില്‍ കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in