വിശപ്പിൽ നിന്നുള്ള മോചനമാണ് ഓണത്തെക്കുറിച്ചുള്ള ഓർമ്മ: മന്ത്രി കെ രാധാകൃഷ്ണൻ

വിശപ്പിൽ നിന്നുള്ള മോചനമാണ് ഓണത്തെക്കുറിച്ചുള്ള ഓർമ്മ: മന്ത്രി കെ രാധാകൃഷ്ണൻ
Published on

കർക്കിടകത്തിലെ മുഴുപ്പട്ടിണിയിൽ നിന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും നാളുകളിലേക്കുള്ള സ്വപ്നമാണ് തനിക്ക് കുട്ടിക്കാലത്തെ ഓണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കർഷക കുടുംബങ്ങളായിരുന്നു അന്ന് മിക്കതും. കർക്കിടകത്തിലെ മഴയിൽ കൃഷിയുണ്ടാകില്ല. ഉള്ളത് കഴിച്ച് ജീവിക്കുന്ന കാലമായിരുന്നു അത്. ചിങ്ങമാസത്തിൽ കൃഷി വീണ്ടും തുടങ്ങും കഴിക്കാൻ വീണ്ടും ആവശ്യത്തിന് ഭക്ഷണം കിട്ടും. അതുകൊണ്ട് പ്രതീക്ഷയാണ് ഓണം. മുറ്റത്ത് മണ്ണുകൊണ്ട് പൂക്കളത്തിനു തറയുണ്ടാക്കും. എല്ലാവരും ഒന്നിച്ച് പൂക്കളം തയ്യാറാക്കുന്നു, ഭക്ഷണം കഴിക്കുന്നു. തലമപ്പന്ത് കളിക്കുക, പാടത്ത് മീൻപിടിക്കാൻ പോവുക, ഇതൊക്കെയാണ് ഓണത്തിന്റെ ഓർമ്മകൾ.

പുതിയ വസ്ത്രങ്ങൾ കിട്ടുന്നത് അപൂർവ്വമാണ്. എനിക്ക് ഓണക്കോടി കിട്ടുമ്പോഴും പുതിയ വസ്ത്രങ്ങളൊന്നും കിട്ടാത്ത കൂട്ടുകാരുണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്കാലം മുതൽ പുതുവസ്ത്രങ്ങളോട് താൽപ്പര്യമില്ല. മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. പറമ്പുകളിൽ കന്നുകാലികളെ മേയ്ക്കുന്നതിനൊപ്പം കൂട്ടുകാരുടെ കൂടെ തലമപ്പന്ത് കളിക്കും. പാടത്ത് മീൻ പിടിക്കുന്നതാണ് മറ്റൊരു വിനോദം. വിശേഷ ദിവസങ്ങളിൽ സിനിമാകാണാൻ പോകും. ചേലക്കര ബൈജു ടാക്കീസ്, ജാനകിറാം ടാക്കീസ്, ശ്രീരാമചന്ദ്ര ടാക്കീസ് എന്നിവിടങ്ങളിൽ കൂട്ടുകാർക്കും കുടുംബക്കാർക്കുമൊപ്പം സിനിമകൾ കാണാൻ പോകും.

ഇന്ന് ആഘോഷങ്ങൾ അതിരുവിടുന്നു എന്നും മതിമറന്ന ആഘോഷങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യവും മയക്കുമരുന്നും കുട്ടികൾ വരെ ഉപയോഗിക്കുന്നു എന്നത് ആശങ്കയുണ്ടാക്കുന്നു. പുതു തലമുറയെ ലഹരിയിൽ നിന്നു വീണ്ടെടുക്കണം. ഇത്തവണത്തെ ഓണത്തിന് പ്രത്യേകതയുണ്ട്. ഇത്രയും കാലം ഓണത്തിന് പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഓണപ്പുടവ നൽകുന്നതിന് പകരം, ആയിരം രൂപയാണ് നൽകുന്നത്. വീട്ടിൽ ഏതെങ്കിലും രണ്ടുപേർക്ക് ഓണപ്പുടവ നൽകുന്നതിന് പകരം ആയിരം രൂപ നൽകുന്നത് എന്തുകൊണ്ടും നല്ലതാണു. ആ പണം അവർക്ക് എന്തിനും ഉപയോഗിക്കാം. എല്ലാ മാസവും പെൻഷൻ, എല്ലാ വീടുകളിലും ഓണക്കിറ്റ് ഇതെല്ലാം സാധാരണക്കാർക്ക് ഏറെ സന്തോഷം നൽകുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in