‘ഒരു ജഡ്ജി പറയാന്‍ പാടില്ലാത്തത്’; ചിദംബരേഷിന്റെ സംവരണ വിരുദ്ധ പ്രസ്താവനക്കെതിരെ മന്ത്രി എ കെ ബാലന്‍
ജാതി-സമുദായ സംവരണത്തിനെതിരെ പ്രസ്താവന നടത്തിയ ഹൈക്കോടതി ജഡ്ജ് ചിദംബരേഷിനെതിരെ വിമര്‍ശനവുമായി പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍. ഒരു ജഡ്ജിയുടെ ഭാഗത്ത് നിന്ന് വരാന്‍ പാടില്ലാത്ത അഭിപ്രായമാണ് ചിദംബരേഷ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണം വേണമെന്ന അഭിപ്രായം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എ കെ ബാലന്റെ പ്രതികരണം.
ജാതീയമായും സാമുദായികമായും നടപ്പിലാക്കുന്നതിന് പകരം സംവരണം സാമ്പത്തികമായി മാത്രം നടപ്പാക്കാന്‍ വേണ്ടി ബ്രാഹ്മണര്‍ എല്ലാവരും സംഘടിച്ച് പ്രവര്‍ത്തിക്കണമെന്ന് ജസ്റ്റിസ് ചിദംബരേഷ് പറഞ്ഞിരുന്നു. ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു ചിദംബരേഷിന്റെ പരാമര്‍ശങ്ങള്‍. പൂര്‍വ്വജന്മ സുകൃതമുള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നത്. ബ്രാഹ്മണന്‍ മനുഷ്യ സ്നേഹിയും ഏത് സ്തുത്യര്‍ഹ ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടിയും ഉദാരമായി സംഭാവന ചെയ്യുന്നവനുമാണ്. ഇത്തരം ആളുകളാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടതെന്നും ഹൈക്കോടതി ജസ്റ്റിസ് ഉദ്ഘാടന പ്രസംഗത്തിനിടെ പറയുകയുണ്ടായി.
ജസ്റ്റിസിന്റെ പ്രസ്താവന വിവാദമായതോടെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. ചിദംബരേഷ് വംശീയവാദം പ്രയോഗിച്ചെന്നും ഭരണഘടനാ ലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടി പ്രമുഖ ചിന്തകന്‍ സണ്ണി എം കപിക്കാട് രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ചിദംബരേഷിന്റെ പരാമര്‍ശത്തിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയെന്ന് ലോക് താന്ത്രിക് ദള്‍ നേതാവ് സലിം മടവൂര്‍ അറിയിച്ചു.