ലോക പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. അസുഖത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ചെക്, ഫ്രഞ്ച് ഭാഷകളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ് എന്ന നോവൽ ഭാഷയുടെയും ദേശത്തിന്റെയും അതിർത്തികൾ താണ്ടി. കുന്ദേരയുടെ മരണത്തോടെ മലയാളികൾക്കുൾപ്പെടെ ഏറെ പ്രിയപ്പെട്ട ഒരു എഴുത്തുകാരനെയാണ് സാഹിത്യലോകത്തിന് നഷ്ടമായിരിക്കുന്നത്.
1929-ൽ ചെക്ക് നഗരമായ ബ്രണോയിലാണ് കുന്ദേര ജനിച്ചത്. ചെക്ക് സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്‌വിക് കുന്ദേരയാണ് പിതാവ്. മിലാഡ കുന്ദറോവയാണ് അമ്മ. 1968 ൽ ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് ഇടപെടലിനെ വിമർശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ കൃതികൾ രാജ്യത്ത് നിരോധിക്കപ്പെട്ടു. തുടർന്ന് 1975-ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറി. 1979-ൽ ചെക്ക് പൗരത്വം റദ്ദാക്കപ്പെട്ടു. 2019 -ലാണ് ചെക്ക് സർക്കാർ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നൽകുന്നത്. ഇതിനിടയിൽ 1981-ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചിരുന്നു.
ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്-ന് പുറമെ ദി ജോക്ക്, ഇമ്മോർട്ടാലിറ്റി, ഐഡൻറിറ്റി, ഇഗ്‌നറൻസ്, തുടങ്ങിയവയും ഏറെ പ്രശസ്തമാണ്.