ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളുടെ പ്രക്ഷേപണം രണ്ട് ദിവസത്തേക്ക് നിരോധിച്ച് കേന്ദ്രം; പ്രതിഷേധം ശക്തം
ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയ വണ്‍ ചാനലിന്റെയും പ്രക്ഷേപണത്തിന് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. രണ്ട് ദിവസത്തേക്കാണ് വിലക്ക്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് നടപടി. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ കേബിള്‍ ടിവി ആക്ടിന്റെ ലംഘനമുണ്ടായെന്ന് ആരോപിച്ചാണ് നടപടി. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതലാണ് പ്രക്ഷേപണം തടസപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് 7.30 വരെ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്ന് അപ് ലിങ്കിങ് സെന്ററിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഡല്‍ഹി ആസ്ഥാനമായ എസ് എല്‍ ശ്യാം എന്ന സ്വകാര്യ കമ്പനിയാണ് ചാനലുകളുടെ അപ് ലിങ്കിങ്ങ് നിര്‍വഹിക്കുന്നത്. 7.25 നാണ് ഇതുസംബന്ധിച്ച് ചാനലുകള്‍ക്ക് പ്രസ്തുത കമ്പനിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത്.
തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മെയില്‍ വന്നു. അഞ്ചുമിനിട്ടിനകം താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവസരം നിഷേധിക്കാനാണ് പൊടുന്നനെ വെള്ളിയാഴ്ച വൈകീട്ടോടെ ഇത്തരത്തില്‍ നടപടിയുണ്ടായതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരത്തേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മീഡിയ വണ്ണും ഏഷ്യാനെറ്റും വിശദമായ മറുപടിയും നല്‍കിയതാണ്. തുടര്‍ന്നാണ് അതിവേഗ നടപടിയുമുണ്ടായിരിക്കുന്നത്. സംഭവം മാധ്യമ സ്വാതന്ത്ര്യന്‍മേലുള്ള പച്ചയായ കടന്നുകയറ്റമാണെന്ന് മീഡിയ വണ്‍ ചീഫ് എഡിറ്റര്‍ സി എല്‍ തോമസ് ദ ക്യുവിനോട് പ്രതികരിച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നടപടിയുണ്ടായത്. മെയില്‍ അയച്ച് അഞ്ച് മിനിട്ടുകൊണ്ടാണ് തിടുക്കപ്പെട്ട് പ്രക്ഷേപണം തടഞ്ഞത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണിത്. അതിനായി കേബിള്‍ ടിവി ആക്ടിലെ വകുപ്പുകള്‍ ഉപയോഗിക്കുകയായിരുന്നു. ജനമറിയേണ്ട പ്രധാനപ്പെട്ട വാര്‍ത്തകള്‍ വരുമ്പോള്‍, അത് ഭരണക്കാര്‍ക്ക് എതിരാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടരുതെന്ന തീരുമാനമാണ് ഇത്തരമൊരു നടപടിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.