കോപ്പിയടിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍. കോപ്പിയടിച്ചതായി കണ്ടെത്തിയിരുന്നെങ്കില്‍ പരീക്ഷാഹാളിലില്‍ നിന്നും വിദ്യാര്‍ത്ഥിയെ മാറ്റണമായിരുന്നു. പകരം 32 മിനിറ്റ് അധികമായി അഞ്ജു പി ഷാജിയെ ഹാളില്‍ ഇരുത്തുകയായിരുന്നുവെന്നും വിസി ഡോക്ടര്‍ സാബു തോമസ് കുറ്റപ്പെടുത്തി.
അഞ്ജുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച മൂന്നംഗ സിന്‍ഡിക്കേറ്റ് സമിതി വിസിക്ക് റിപ്പോര്‍ട്ട് നല്‍കി. കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലകളില്‍ നിന്നും മാറ്റുമെന്ന് വിസി അറിയിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വിട്ടത് അനുമതിയില്ലാതെയാണ്. കോപ്പിയടിക്കുന്നത് കണ്ടെത്തിയെന്ന് പറയുന്ന അധികൃതര്‍ വിശദീകരണം എഴുതി വാങ്ങിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പരീക്ഷാനടത്തിപ്പില്‍ മാറ്റം വരുത്തും. പരീക്ഷാ കേന്ദ്രങ്ങളില്‍ കൗണ്‍സിലിംങ് സംവിധാനം ഒരുക്കുമെന്നും സര്‍വകലാശാല അറിയിച്ചു.