കര്‍ഷകര്‍ മരിച്ചത് എനിക്ക് വേണ്ടിയാണോ എന്ന് മോദി, ചര്‍ച്ച തര്‍ക്കത്തില്‍ അവസാനിച്ചെന്ന് മേഘാലയ ഗവര്‍ണര്‍

കര്‍ഷകര്‍ മരിച്ചത് എനിക്ക് വേണ്ടിയാണോ എന്ന് മോദി, ചര്‍ച്ച തര്‍ക്കത്തില്‍ അവസാനിച്ചെന്ന് മേഘാലയ ഗവര്‍ണര്‍
Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോള്‍ അദ്ദേഹം ധിക്കാരത്തോടെയാണ് സംസാരിച്ചതെന്നും തുടര്‍ന്ന് ചര്‍ച്ച വാക്കുതര്‍ക്കമായെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം മോശമായാണ് കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് പറഞ്ഞതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹരിയാനയിലെ ദാദ്രിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ഗവര്‍ണറുടെ പരാമര്‍ശം.

കര്‍ഷകരുടെ സമരത്തില്‍ 500ഓളം കര്‍ഷകര്‍ മരിച്ചുവെന്ന് പറഞ്ഞപ്പോള്‍, കര്‍ഷര്‍ എനിക്ക് വേണ്ടിയാണോ മരിച്ചത് എന്നാണ് മോദി ചോദിച്ചത്. നേതാവ് നിങ്ങളാണെന്നിരിക്കെ, അതെ നിങ്ങള്‍ക്ക് വേണ്ടി തന്നെയാണ് മരിച്ചതെന്ന് താന്‍ മറുപടി പറഞ്ഞെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആ സംസാരം തര്‍ക്കത്തിലാണ് അസാനിച്ചതെന്നും പിന്നീട് തന്നോട് അമിത്ഷായെ പോയി കാണാന്‍ പറഞ്ഞു, താന്‍ അത് ചെയ്‌തെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് അങ്ങനെയല്ല, അത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകമാത്രമാണ് ചെയ്തിരിക്കുന്നത്. വീണ്ടും അനീതി നടന്നാല്‍ കര്‍ഷര്‍ വീണ്ടും പ്രക്ഷോഭമാരംഭിക്കുക തന്നെ ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സാഹചര്യം എന്തുതന്നെയായാലും താന്‍ കര്‍ഷകര്‍ക്കൊപ്പം ആയിരിക്കും എന്നും സത്യപാല്‍ മാലിക്ക് കൂട്ടിച്ചേര്‍ത്തു.

നേരത്തെയും കര്‍ഷകരുടെ വിഷയവുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്ക് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നവംബറില്‍ ജയ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് സത്യപാല്‍ മുമ്പ് കര്‍ഷകരെ പിന്തുണച്ച് സംസാരിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ വൈകാതെ തന്നെ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടിവരുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

ബിജെപി നേതാവ് കൂടിയായ സത്യപാല്‍ മാലിക്ക് 2004ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2012ല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആയും നിയമിക്കപ്പെട്ടിട്ടുണ്ട്.

കേന്ദ്രം പാസാക്കിയ മൂന്ന് കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് 2020 നവംബര്‍ 26ന് ആരംഭിച്ച കര്‍ഷക സമരം ആരംഭിക്കുന്നത്. അതിനും മുമ്പേ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ അതിര്‍ത്തികളില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു.

2021 നംവബര്‍ 19ന് ഗുരുനാനാക്ക് ദിനത്തിലായിരുന്നു നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നവംബര്‍ 29ന് ബില്‍ ലോക്‌സഭ പാസാക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in