എന്റെ മീശ, എന്റെ മുഖത്താണ്; മറ്റുള്ളവര്‍ അതിന് ചിലവിന് കൊടുക്കുകയോ നോക്കുകയോ വേണ്ടല്ലോ; മീശക്കാരി ചോദിക്കുന്നു

എന്റെ മീശ, എന്റെ മുഖത്താണ്; മറ്റുള്ളവര്‍ അതിന് ചിലവിന് കൊടുക്കുകയോ നോക്കുകയോ വേണ്ടല്ലോ; മീശക്കാരി ചോദിക്കുന്നു
Published on

പേര് മീശക്കാരി, വയസ്സ് 33, ഭര്‍ത്താവ് 1, കുട്ടികള്‍ 1, പ്രണയം 1, മീശ ഒര്‍ജിനലാണ്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പരിചയപ്പെടുത്തി കുറിപ്പിട്ടതോടെയാണ് കണ്ണൂര്‍ക്കാരി ഷൈജയുടെ മീശ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഭൂരിഭാഗം പേരും പിന്തുണച്ചെങ്കിലും വിമര്‍ശിച്ചവരോടും ദേഷ്യമില്ലെന്നും പോസിറ്റീവായി എടുക്കുന്നുവെന്ന് ഷൈജ പറയുന്നു. മീശയെക്കുറിച്ച് ആര് പറഞ്ഞാലും കാര്യമാക്കില്ല. വീട്ടുകാര്‍ക്കും ഭര്‍ത്താവിനും മകള്‍ക്കും ഇല്ലാത്ത വിഷമം മറ്റുള്ളവര്‍ക്കെന്തിനാണെന്ന് ഷൈജ ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എനിക്ക് ഇഷ്ടമാണ് മീശ. അത് കളയുന്നത് കൊല്ലുന്നതിന് തുല്യമാണ്. ഇഷ്ടത്തിന് കാരണമെന്താണെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമുണ്ട്. ജീവിതത്തിന്റെ ഭാഗമാണ്. വ്യക്തിത്വമാണ്. മീശക്കാരിയെന്നതാണ് ഐഡന്റിറ്റി. പിന്നെ എങ്ങനെയാണ് അത് കളയുക.

ഷൈജ

കണ്ണൂര്‍ കൂത്തുപറമ്പ് കോളയാട് സ്വദേശിനിയാണ് ഷൈജ. വയറിംഗ് തൊഴിലാളിയായ ഭര്‍ത്താവും മകളും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം ഷൈജയുടെ മീശയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ എല്ലാവരും നോക്കി ചിരിച്ചു. കാര്യമാക്കിയില്ലെന്നും ഷൈജ പറഞ്ഞു.

മീശയല്ലേ അതെന്തിനാ കളയുന്നതെന്നാണ് വീട്ടുകാര്‍ ചോദിക്കുക. അവര് പൂര്‍ണ സപ്പോര്‍ട്ടാണ്. എവിടെയെങ്കിലും പോകുമ്പോള്‍ ആളുകള്‍ നോക്കി ചിരിക്കും. എത്ര മീശയാണെന്ന് പറയും. ഭര്‍ത്താവും സഹോദരനും പറയും നിന്നെക്കുറിച്ചാണ് അവര് പറയുന്നതെന്ന്. ഞങ്ങളതിനെ കളിയാക്കി പോകും.

ഷൈജ

പൊടിമീശക്കാലത്ത് കൂടെ പഠിക്കുന്നവര്‍ കളിയാക്കുമെങ്കിലും കാര്യമാക്കിയില്ലെന്ന് ഷൈജ പറയുന്നു. പത്ത് വര്‍ഷമായി മീശ കനത്തിട്ട്. സുഹൃത്തിന്റെ ബ്യൂട്ടിപാര്‍ലറില്‍ പോകുമ്പോള്‍ അവിടെ മീശയും താടിയും കളയാനായി എത്തുന്ന സ്ത്രീകളെ കാണാറുണ്ട്. നല്ല വേദന സഹിച്ചും ഇതെന്തിനാണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍ ഭയങ്കര ബോറാണെന്നാണ് മറുപടി ലഭിക്കുക. ഞാനിത് കുറെ കേട്ടതാണ്. നമ്മുടെ ശരീരത്തിന്റെ ഭാഗമായതല്ലേ.

മഞ്ഞള്‍ തേക്കാനും ലേസര്‍ ചെയ്യാനും കുറെ പേര്‍ ഉപദേശിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും ഇക്കാര്യം പറയും. ഇല്ല എന്ന് ഉറപ്പിച്ച് പറയും.

ഒരു സര്‍ജറി ചെയ്യാന്‍ പോയപ്പോള്‍ മീശ എടുത്ത് കളഞ്ഞാലോയെന്ന് ഡോക്ടര്‍ ചോദിച്ചു. പിന്നെ എന്തിനാ ജീവിച്ചിരിക്കുന്നതെന്ന് തിരിച്ച് ചോദിച്ചു. ബിപി കൂട്ടേണ്ട, ഓപ്പറേഷന്‍ ചെയ്യേണ്ടതല്ലേയെന്ന് ഡോക്ടര്‍ പറഞ്ഞു. മുഖത്ത് വരുന്ന കുറച്ച് രോമം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കില്‍ എന്തിനാണ് കളയുന്നതെന്നാണ് ഷൈജ മീശക്കാരികളോട് ചോദിക്കുന്നത്. മീശക്കാരിയെന്ന് കുറച്ച് കാലം വിളിക്കും. അത് അവഗണിക്കുക. മറ്റുള്ളവരെ നോക്കി ജീവിക്കാനാവില്ല. നമ്മള്‍ നമ്മുടെ ഇഷ്ടത്തിനാണ് ജീവിക്കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in