കോടതി വിധി മാനിക്കുന്നുവെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായി നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമോദ് രാമന്റെ പ്രതികരണം
കോടതി വിധി മാനിക്കുന്നു. അതു പ്രകാരം ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ആദ്യത്തെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരായുള്ള നിയമ പോരാട്ടം ശക്തമായി തന്നെ തുടരും. ഔദ്യോഗികമായി വിധി പകര്‍പ്പ് ലഭിച്ച് കഴിഞ്ഞാലുടന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംപ്രേഷണ വിലക്ക് നീക്കണമെന്ന മീഡിയ വണ്ണിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
സംപ്രേഷണ വിലക്ക് നീക്കണമെന്ന മീഡിയ വണ്ണിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ശരിവെക്കുന്നതെന്ന് ജസ്റ്റിസ് എന്‍. നാഗരേഷ് പറഞ്ഞു.
മീഡിയാ വണ്ണിനെതിരായ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയന്‍സ് നല്‍കാത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമെന്നും കോടതി പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയനും തൊഴിലാളികളും നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്ര അറിയിച്ചിരുന്നു.
നടപടി നിയമവിരുദ്ധമാണെന്നായിരുന്നു മീഡിയാ വണ്ണിന്റെ വാദം. ലൈസന്‍സ് നേരത്തെ ലഭിച്ചതാണ്. അത് പുതുക്കാനുള്ള അപേക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതെന്നും മീഡിയാ വണ്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.