ഈ ഭാവനാസൃഷ്ടി കുത്തിത്തിരിപ്പിന്, അമ്പലപ്പറമ്പിലെ മാംസാഹാര വിളമ്പല്‍ പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യം
‘ഈ നുണ പ്രചാരണകള്‍, ഇതു ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി’
അമ്പലപ്പറമ്പില്‍ മാംസാഹാരം വിളമ്പിയെന്ന തരത്തില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരണങ്ങള്‍ ചുടുപിടിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം പറയുകയാണ് ദേവസ്വം ചെയര്‍മാനും ഇഫ്ത്താര്‍ സ്‌നേഹവിരുന്ന് സംഘടിപ്പിച്ച സംഗമ സാഹിതിയും. ഈ നുണപ്രചാരണങ്ങള്‍ എന്തിന് വേണ്ടിയെന്ന് ചോദിച്ചു കൊണ്ടാണ് കൂടല്‍ മാണിക്യ ക്ഷേത്രം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ ഇരിങ്ങാലക്കുട സംഗമ സാഹിതി സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാമിന്റെ വിശദീകരണം നല്‍കുന്നത്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രഭരണസമിതി സംഘടിപ്പിച്ച മത സൗഹാര്‍ദ്ദ സംഗമവും ഇരിങ്ങാലക്കുട സംഗമ സാഹിതി സംഘടിപ്പിച്ച ഇഫ്ത്താര്‍ സ്‌നേഹവിരുന്നും ആരെയാണ് ചൊടിപ്പിച്ചതെന്നതിന്റെ ഉത്തരം ഈ വിശദീകരണത്തിലൂടെ വ്യക്തമാകും.
ഇഫ്ത്താര്‍ വിരുന്നില്‍ മാംസാഹാരം വിളമ്പി എന്ന് ഹിന്ദു ഐക്യ വേദിയുടെ പേരില്‍ പത്രക്കുറിപ്പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രചരണങ്ങള്‍ക്ക് ജീവന്‍വെച്ചത്. ജന്മഭൂമിയുടെ ലേഖകന്റെ ഫേസ്ബുക്ക് വാളിലും വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് വന്നു.ജന്മ ഭൂമി പത്രത്തിലും വാര്‍ത്ത വന്നെന്ന് ഇവര്‍ പറയുന്നു.
മത രാഷ്ട്രീയ ഭേദമില്ലാതെ ഇരിങ്ങാലക്കുടയിലെ എല്ലാ എഴുത്തുകാരുടെയും കൂട്ടായ്മയായ സംഗമ സാഹിതിയുടെ കൊട്ടിലാക്കല്‍ പറമ്പിലെ പുസ്തക പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങും ഇഫ്ത്താര്‍ സ്‌നേഹവിരുന്നുമാണ് ഹിന്ദു ഐക്യവേദിക്കും ജന്മഭൂമിക്കും മാംസാഹാരം വിളമ്പലായത്. നോമ്പ് മാസമായതില്‍ കവിയരങ്ങില്‍ പങ്കെടുക്കുന്ന ചിലര്‍ക്ക് നോമ്പ് തുറക്കാന്‍ അവസരമൊരുക്കി കവിയരങ്ങിനു ശേഷം നടത്തിയ ഇഫ്ത്താര്‍ സ്‌നേഹ വിരുന്നാണ് അമ്പലപ്പറമ്പിലെ മാംസാഹാരം വിളമ്പലായി രൂപാന്തരം പ്രാപിച്ചത്.
സംഭവം കാവിപ്പടക്കാര്‍ വിവാദമാക്കിയതോടെ വിളമ്പിയ വിഭവങ്ങളുടെ ചിത്രമടക്കമാണ് സംഗമ സാഹിതി വിശദീകരണം നല്‍കുന്നത്. ജീരകക്കഞ്ഞി, ചായ, കുടുബശ്രീ ഭക്ഷണശാലയിലെ പരിപ്പുവട, ആപ്പിള്‍, റോബസ്റ്റ പഴം, മുന്തിരി , മുസമ്പി എന്നിവയായിരുന്നു വിഭവങ്ങളെന്നും ചടങ്ങില്‍ പങ്കെടുത്തവരെല്ലാം വിരുന്നിലും പങ്കെടുത്തുവെന്നും ഇവര്‍ പറയുന്നു. തൊട്ടടുത്ത സ്റ്റാളിലെ ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍, എക്‌സൈസുകാര്‍, പോലീസുകാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.
ഇവരൊന്നും കാണാത്ത മാംസാഹാര വിളമ്പല്‍ ഹിന്ദുഐക്യവേദിയുടെ പേരില്‍ പത്രക്കുറിപ്പായി പ്രചരിക്കുന്നത് ഭാവനാസൃഷ്ടിയാണെന്നും അത് കുത്തിത്തിരിപ്പിനാണെന്നും അരുണ്‍ ഗാന്ധിഗ്രാം പറയുന്നു. സംഗമ സാഹിതി ഈ നുണപ്രചരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുമുണ്ട്.
സംഗമ സാഹിതിയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം.
ഉത്സവകാലത്തു എന്തിനു ഇ നുണ പ്രചാരണകള്‍ , ഇതു ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി ...
ആദ്യം പറഞ്ഞു ഷൂട്ടിങ്ങിനു വന്ന മുസ്ലിം നാമധാരിയായ നടന്‍ ക്ഷേത്രത്തില്‍ കടന്നു അശുദ്ധമാക്കി ആ കഥ പൊളിഞ്ഞു ...
ഇപ്പോള്‍ ഇതാ കേള്‍ക്കുന്നു അമ്പല പറമ്പില്‍ മാംസാഹാരം വിളമ്പി എന്ന്...
താഴെ കൊടുത്തിരിക്കുന്ന സംഗമ സാഹിതി സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം നല്‍കുന്ന വിശ്തീകരണം വായിക്കാതെ പോകരുതേ.
'സാധാരണയായി സമാധാനത്തില്‍ ജീവിക്കുന്ന ആളുകളുള്ള പ്രദേശമാണ് ഇരിങ്ങാലക്കുട. മതത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലുകള്‍ ഇവിടെ കുറവാണ്. എല്ലാ മത വിഭാഗങ്ങളും പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെയാണ് ഇവിടെ ജീവിച്ചു പോകുന്നത്.
ഇപ്പോള്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ക്ഷേത്രം ഭരണസമിതി മതസൗഹാര്‍ദ്ദസംഗമം നടത്തിയിരുന്നു. മതസൗഹാര്‍ദ്ദത്തില്‍ വിശ്വാസമില്ലാത്ത ഒരു ന്യൂനപക്ഷമൊഴിച്ച് എല്ലാവരും അത് നല്ല സ്പിരിറ്റിലാണെടുത്തത് എന്ന് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ തെളിയിച്ചതാണ്.
മത രാഷ്ട്രീയ ഭേദമില്ലാതെ ഇരിങ്ങാലക്കുടയിലെ എല്ലാ എഴുത്തുകാരുടെയും കൂട്ടായ്മയാണ് സംഗമ സാഹിതി. രാധാകൃഷ്ണന്‍ വെട്ടത്ത് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായിട്ടുള്ള ഈ സംഘടന ഇരിങ്ങാലക്കുട കൊട്ടിലാക്കല്‍ പറമ്പില്‍ ഒരു പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.
മിനിഞ്ഞാന്ന്, മെയ് 20, 2019, തിങ്കളാഴ്ച സംഗമ സാഹിതി പുസ്തകശാലയോട് ചേര്‍ന്ന് ഒരു കവിയരങ്ങ് സംഘടിപ്പിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ ശ്രീ പ്രദീപ് മേനോന്‍ ആയിരുന്നു അദ്ധ്യക്ഷന്‍. കവിയരങ്ങ് ഉദ്ഘാടനം ചെയ്തത് ശ്രീ അശോകന്‍ ചെരുവില്‍ ആയിരുന്നു. മുന്‍ നഗരസഭാ അദ്ധ്യക്ഷ സോണിയാ ഗിരി, മുന്‍ എംപി സാവിത്രി ലക്ഷ്മണന്‍, പി. കെ ഭരതന്‍ മാഷ് തുടങ്ങിയ പ്രമുഖരും രാധിക സനോജ്, പി. എന്‍ സുനില്‍ , റെജില ഷെറിന്‍, സിമിത ലെനീഷ് തുടങ്ങി നിരവധി കവികളും അതില്‍ പങ്കെടുത്തു.
കവിയരങ്ങിനു ശേഷം ഒരു ഇഫ്ത്താര്‍ സ്‌നേഹ വിരുന്ന് നടത്തി. നോമ്പ് മാസമായതില്‍ കവിയരങ്ങില്‍ പങ്കെടുക്കുന്ന ചിലര്‍ക്ക് നോമ്പ് തുറക്കാന്‍ അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. ജീരകക്കഞ്ഞി, ചായ, കുടുബശ്രീ ഭക്ഷണശാലയിലെ പരിപ്പുവട, ആപ്പിള്‍, റോബസ്റ്റ പഴം, മുന്തിരി , മുസമ്പി എന്നിവയായിരുന്നു വിഭവങ്ങള്‍. ചടങ്ങില്‍ പങ്കെടുത്തവരെല്ലാം വിരുന്നിലും പങ്കെടുത്തു. തൊട്ടടുത്ത സ്റ്റാളിലെ ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍, എക്‌സൈസുകാര്‍, പോലീസുകാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.
വിഭവങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
ഇനിയാണ് കഥ.
ഇഫ്ത്താര്‍ വിരുന്നില്‍ മാംസാഹാരം വിളമ്പി എന്ന് ഹിന്ദു ഐക്യ വേദിയുടെ പേരില്‍ പത്രക്കുറിപ്പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടു. ജന്മഭൂമിയുടെ ലേഖകന്റെ ഫേസ്ബുക്ക് വാളിലും വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് വന്നു. ഇന്ന് ജന്മ ഭൂമി പത്രത്തിലും ഉണ്ടത്രേ.
തിങ്കളാഴ്ച നടന്ന ചടങ്ങിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ഒരു പത്രക്കാരനും സ്റ്റാളില്‍ വന്നതായി അറിവില്ല. പിന്നെ മാംസാഹാരമടക്കമുള്ള ഈ വാര്‍ത്ത എവിടെ നിന്ന് കിട്ടി?
ഭാവനാസൃഷ്ടി തന്നെ. എന്തിന്? കുത്തിത്തിരിപ്പിന്.
സംഗമ സാഹിതിയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പും വിവിധ മാധ്യമങ്ങള്‍ക്ക് ഫോര്‍വേഡ് ചെയ്തു കൊണ്ടിരിക്കുന്നു.
സംഗമേശ്വരന്റെ തിരുവുത്സവത്തിന്റെ വേളയില്‍ സ്‌നേഹവിരുന്നില്‍ പങ്കെടുത്ത സാംസ്‌ക്കാരിക പ്രവര്‍ത്തകരും, പൊതുപ്രവര്‍ത്തകരും ഭക്തജനങ്ങളുമടക്കമുള്ളവര്‍ക്കെതിരെ തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായ വാര്‍ത്ത പടച്ചുവിട്ടവരോടുള്ള അമര്‍ഷവും പ്രതിഷേധവും ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തുന്നു.
വിരുന്നിന്റെയും യോഗത്തിന്റെയും ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു.'