എം.സി ജോസഫൈന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടു നല്‍കും

എം.സി ജോസഫൈന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടു നല്‍കും
Published on

കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്റെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.

മൃതദേഹം ഇന്ന് അഞ്ച് മണി വരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി അങ്കമാലിയിലേക്ക് കൊണ്ടുപോകും. ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.

ജോസഫൈന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം.

രാത്രി ഏഴുമണിയോടെയാണ് വേദിയില്‍ കുഴഞ്ഞുവീണത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. എം.സി. ജോസഫൈന്‍ അങ്കമാലി നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു. മഹിള അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ല്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. 2016ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2011ല്‍ കൊച്ചി നിയമസഭാ മണ്ഡലത്തിലും മത്സരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in