'മോദി സര്‍ക്കാര്‍ ലോക തോല്‍വിയാണെന്നൊന്നും ഭക്തര്‍ സമ്മതിക്കില്ല': എം.ബി.രാജേഷ്

'മോദി സര്‍ക്കാര്‍ ലോക തോല്‍വിയാണെന്നൊന്നും ഭക്തര്‍ സമ്മതിക്കില്ല': എം.ബി.രാജേഷ്
Published on

കേന്ദ്രസര്‍ക്കാരുമായുള്ള നികുതി തര്‍ക്കത്തില്‍ മൊബൈല്‍ സേവന ദാതാക്കളായ വൊഡഫോണ്‍ ജയിച്ച സംഭവത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് എംബി രാജേഷ്. ഖജനാവിലേക്ക് കിട്ടേണ്ട 27900 കോടി രൂപയാണ് കേസില്‍ തോറ്റതോടെ നഷ്ടമായതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എംബി രാജേഷ് പറയുന്നു.

'നേരത്തെ ഇറ്റാലിയന്‍ നാവികരുടെ കേസിലും, ഇപ്പോള്‍ വോഡഫോള്‍ കേസിലും കേന്ദ്രസര്‍ക്കാര്‍ തോറ്റു. എന്നു വെച്ച് മോദി സര്‍ക്കാര്‍ ലോക തോല്‍വിയാണെന്നൊന്നും ഭക്തര്‍ സമ്മതിക്കില്ല.മോദിജി വിട്ടുകൊടുക്കുന്നതാണെന്ന അവരുടെ ന്യായീകരണം പാടെ തള്ളിക്കളയാനും തോന്നുന്നില്ല', എംബി രാജേഷ് കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിങ്ങളാരും ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. പക്ഷേ ശ്രദ്ധിക്കാതെ പോകരുത്..കാരണം നഷ്ടപ്പെട്ടത് ഇരുപത്തിയേഴായിരത്തി തൊള്ളായിരം (27900 )കോടി രൂപയാണ്!. പോയത് രാജ്യത്തിനാണ്. വോഡഫോണ്‍ എന്ന ബഹുരാഷ്ട്ര കുത്തക ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കേണ്ടിയിരുന്ന ടാക്‌സാണ്. ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനില്‍ കേന്ദ്ര സര്‍ക്കാര്‍ തോറ്റു. ടാക്‌സായി ഇന്ത്യാ ഗവണ്‍മെന്റ് 2013 ല്‍ ആവശ്യപ്പെട്ടത് 2,00,00 കോടി. പലിശയും പെനാല്‍ട്ടിയും ചേര്‍ത്ത് ആകെ ആവശ്യപ്പെട്ടത് 27900 കോടി. ആ കാശും പോയി കോടതി ചെലവായി 40 കോടി വേറെയും അവര്‍ക്ക് കൊടുക്കണമെന്നാണ് വിധി.

അല്പം ഫ്‌ലാഷ് ബാക്ക്, തര്‍ക്കം തുടങ്ങിയത് 2007ല്‍. ഹച്ചിസണ്‍ എന്ന കമ്പനിയുടെ ഇന്ത്യയിലെ ആസ്തികള്‍ വൊഡഫോണ്‍ വാങ്ങിയ ഇനത്തിലെ മൂലധന ലാഭത്തിന് ഇന്ത്യാ ഗവണ്‍മെന്റ് നികുതി ഈടാക്കാന്‍ തീരുമാനിച്ചു. വോഡഫോണ്‍ സുപ്രീം കോടതിയില്‍ കേസിന് പോയി.വലിയ ചര്‍ച്ചയായ ഒരു അനുകൂല വിധി സമ്പാദിച്ചു. വിധി മറികടക്കാന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തില്‍ നികുതി പിരിക്കാന്‍ പാര്‍ലമെന്റില്‍ 2013 ല്‍ ഭേദഗതി കൊണ്ടുവന്നു.( അന്ന്അതിനെ പിന്തുണച്ച് പാര്‍ലിമെന്റില്‍ പ്രസംഗിച്ച ഒരാളാണ് ഞാന്‍.21 വര്‍ഷം മുന്‍കാല പ്രാബല്യത്തോടെ നികുതി പിരിക്കാനുള്ള ഭേദഗതി ബ്രിട്ടീഷ് പാര്‍ലിമെന്റ് പാസ്സാക്കിയ കാര്യം പ്രസംഗത്തില്‍ ഞാന്‍ ചൂണ്ടിക്കാട്ടി.

മറുപടി പ്രസംഗത്തില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ഞാന്‍ പറഞ്ഞ കാര്യം ശരിവെക്കുകയുണ്ടായി. അതില്‍ ഇപ്പോഴും ഒരു സന്തോഷവും അഭിമാനവുമുണ്ട്.) പാര്‍ലിമെന്റ് നിയമ ഭേദഗതി വരുത്തിയതോടെ വോഡഫോണ്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനു പോയി. 2014ല്‍ മോദി ഗവണ്‍മെന്റു വന്നു. ആര്‍ബിട്രേറ്ററെ മോദി സര്‍ക്കാര്‍ നിശ്ചയിച്ചു. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി വോഡഫോണിന്റെ അഭിഭാഷകനായിരുന്ന കാര്യം ആക്ഷേപമായി ഉയര്‍ന്നു. ജെയ്റ്റ്‌ലി അക്കാര്യം സമ്മതിച്ചു.താന്‍ ഇക്കാര്യത്തില്‍ ഇനി ഇടപെടില്ല. എല്ലാം സഹമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് നിഷ്‌ക്കളങ്കനായി മാറി നിന്നു. വേണ്ടിവന്നാല്‍ പ്രധാന മന്ത്രി നേരിട്ടു കൈകാര്യം ചെയ്യുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. എല്ലാവരും കൂടി കൈകാര്യം ചെയ്തപ്പോള്‍ കേസ് തോറ്റു. ഖജനാവിലേക്ക് കിട്ടേണ്ട 27 900കോടി സ്വാഹ. വോഡഫോണിന് ജഹ പൊഹ. വിധി സൂക്ഷ്മമായി പഠിക്കുമെന്ന് ധനമന്ത്രാലയം. പഠിക്കുമ്പോഴേക്ക് എത്രകാശ് കൂടി ഇനിയും പോകുമോ ആവോ?

ഇക്കാര്യം പല ദേശീയ പത്രങ്ങളിലും ഒന്നാം പേജില്‍ വാര്‍ത്തയായിരുന്നു. ഇവിടെ മാതൃഭുമിയില്‍ ഒരക്ഷരമില്ല ! മനോരമ ഉള്ളിലെ ഏതോ പേജില്‍ കൊടുത്തെന്നു വരുത്തി ( ചിത്രം 3) കേരളത്തിലെ സി.ബി.ഐ തിരക്കഥ എഴുതിക്കഴിഞ്ഞപ്പോള്‍ 27 900 കോടിയുടെ ചെറിയ നഷ്ടക്കണക്കൊക്കെ എഴുതാന്‍ നിഷ്പക്ഷര്‍ക്ക് കടലാസ് തികഞ്ഞില്ലത്രേ.

നിശാ കോടതികളിലെ ന്യായവിധിക്കാര്‍ 2021 മെയ് വരെ ഒറ്റക്കേസേ എടുക്കുന്നുള്ളുവെന്ന്. ഇരുപത്തിയേഴായിരം കോടി ആവിയായത് അന്വേഷിക്കാന്‍ സൗകര്യമില്ലെന്ന്. ഔദ്യോഗിക വക്താവിന്റെ ഔദ്യോഗിക ചാനലാവട്ടെ 27000 കോടിയുടെ നഷ്ടം ചര്‍ച്ച ചെയ്യുന്നതു പോലൊരു അല്പത്തം വേറെ കണ്ടിട്ടില്ലെന്ന് പരിഹസിച്ചു. എന്നാല്‍ പിണറായിയോട് ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് എല്ലാവരും ഉറപ്പു നല്‍കി. 27000 കോടിയുടെ നഷ്ടം ഇന്ധന നികുതി കുട്ടി മോദി റെക്റ്റി ഫൈ ചെയ്‌തോളുമെന്നും താന്‍ പ്രതികരിക്കേണ്ടതില്ലെന്നും പ്രതിപക്ഷന്‍ ഒഴിഞ്ഞു മാറാന്‍ സാധ്യത.

വാല്‍ക്കഷണം: നേരത്തേ ഇറ്റാലിയന്‍ നാവികരുടെ കേസിലും ഇപ്പോഴിതാ വോഡഫോണ്‍ കേസിലും സര്‍ക്കാര്‍ തോറ്റു. എന്നു വെച്ച് മോദി സര്‍ക്കാര്‍ ലോക തോല്‍വിയാണെന്നൊന്നും ഭക്തര്‍ സമ്മതിക്കില്ല.മോദിജി വിട്ടുകൊടുക്കുന്നതാണെന്ന അവരുടെ ന്യായീകരണം പാടെ തള്ളിക്കളയാനും തോന്നുന്നില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in