'എം.ബി രാജേഷിന് ബി.ജെ.പിയുമായി പിന്‍വാതില്‍ സഖ്യം'; നരേന്ദ്ര മോദിയേയും ബിജെപിയേയും സുഖിപ്പിക്കുന്നുവെന്ന് ടി.സിദ്ദിഖ്

'എം.ബി രാജേഷിന് ബി.ജെ.പിയുമായി പിന്‍വാതില്‍ സഖ്യം'; നരേന്ദ്ര മോദിയേയും ബിജെപിയേയും സുഖിപ്പിക്കുന്നുവെന്ന് ടി.സിദ്ദിഖ്
Published on

സി.പി.എം നേതാവ് എം.ബി രാജേഷിന് ബി.ജെ.പിയുമായി പിന്‍വാതില്‍ സഖ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്. കടല്‍ കൊല കേസില്‍ എം.ബി രാജേഷ് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും നരേന്ദ്രമോദിയെയും ബി.ജെ.പിയേയും സുഖിപ്പിക്കുകയുമായിരുന്നു. നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതിനു പകരം രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന രാജേഷും സിപിഎമ്മും അറബിക്കടല്‍ അമേരിക്കയ്ക്ക് വിറ്റ് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചത് പോലെ കടല്‍ക്കൊല കേസിലും വഞ്ചിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ടി.സിദ്ദിഖ് ആരോപിച്ചു.

കോണ്‍ഗ്രസും യുഡിഎഫും രാഹുല്‍ ഗാന്ധിയും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ രാജേഷിനും സിപിഎമ്മിനും നൊന്തുവെന്നും ടി.സിദ്ദിഖ് പറഞ്ഞു. അതുകൊണ്ടാണ് പച്ചക്കള്ളവുമായി എം.ബി രാജേഷ് എത്തിയിരിക്കുന്നത്. എം.ബി രാജേഷ് സത്യം തുറന്ന് പറഞ്ഞ് പരസ്യമായി മാപ്പ് പറയണം. അല്ലെങ്കില്‍ ബിജെപിയുമായി സിപിഎം സഖ്യത്തിലാണെന്ന് തുറന്ന് സമ്മതിക്കണമെന്നും ടി.സിദ്ദിഖ് ആവശ്യപ്പെട്ടു.

ടി.സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എംബി രാജേഷ് കണ്ണടച്ചാല്‍ ലോകം ഇരുട്ടാവില്ല. ബിജെപിയുമായി രാജേഷിനു പിന്‍വാതില്‍ സഖ്യമോ?

2012 ഫെബ്രുവരി 15-ന് കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നിന്നും മീന്‍ പിടിക്കാന്‍ പോയ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെടിയേറ്റ് മരിക്കുന്നു. എന്റിക ലെക്ള്‍സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നുമാണ് മലയാളിയായ മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, തമിഴ്നാട് കന്യാകുമാരിയിലെ ഇരയിമ്മാന്‍തുറ കോവില്‍ വിളാകത്ത് അജീഷ് പിങ്കു എന്നിവര്‍ വെടിയേറ്റ് മരിച്ചത്.

ഡോള്‍ഫിന്‍ ചേംബേഴ്സ് എന്ന ഇറ്റാലിയന്‍ കമ്പനിയാണ് കപ്പല്‍ ഉടമകള്‍. സിംഗപ്പൂരില്‍ നിന്നും ഈജിപ്തിലേക്ക് പോകുകയായിരുന്ന കപ്പലിലെ സുരക്ഷാഭടന്മാരായ ലസ്തോറ മാസിമിലിയാനോ, സല്‍വാതോറോ ലിയോണ്‍ എന്നിവരാണ് വെടിവെച്ചത്. വാലന്റൈന്റെ നെറ്റിയിലും അജീഷിന്റെ നെഞ്ചിലുമാണ് വെടിയേറ്റത്. കടല്‍ക്കൊള്ളക്കാര്‍ എന്ന് കരുതിയാണു അവര്‍ വെടിയുതിര്‍ത്തത് എന്നാണു അന്വേഷണ റിപ്പോര്‍ട്ട്. ഡോള്‍ഫിന്‍ ചേംബേഴ്സ് എന്ന ഇറ്റാലിയന്‍ കമ്പനിയുടേതാണു ആ കപ്പല്‍.

എന്നാല്‍ അന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. മന്‍മോഹന്‍ സിംഗായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. വെടി വച്ച ശേഷം ഇറ്റാലിയന്‍ കപ്പല്‍ മനുഷ്യന്റെ ജീവനു ഒരു വിലയും കല്‍പ്പിക്കാതെ മുന്നോട്ട് പോകുന്നു. സംഭവം അറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതിവേഗത്തില്‍ ഇടപെടല്‍ നടത്തുന്നു. അടിയന്തിരമായി പ്രധാനമന്ത്രിയേയും പ്രതിരോധമന്ത്രിയേയും അറിയിക്കുന്നു, ഇടപെടല്‍ ആവശ്യപ്പെടുന്നു. ചരിത്രത്തില്‍ അതുവരെ നടക്കാത്ത സംഭവങ്ങളാണു പിന്നീട് നടന്നത്. രക്ഷപ്പെട്ട് പോകുകയായിരുന്ന ഇറ്റാലിയന്‍ കപ്പലിനെ ഇന്ത്യന്‍ സൈന്യം നടുക്കടലില്‍ വളയുന്നു. ഇറ്റലിയുടേയും യൂറോപ്പിന്റേയും ലോകത്തിന്റേയും തന്നെ അപേക്ഷകളേയും ഭീഷണികളേയും രണ്ട് മനുഷ്യ ജീവനുകള്‍ക്ക് വേണ്ടി ഇന്ത്യ നിരസിക്കുന്നു. കപ്പലും വെടി വച്ച ഇറ്റാലിയന്‍ സൈനികരും കസ്റ്റഡിയില്‍ എടുക്കപ്പെടുകയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് കീഴില്‍ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കു മുമ്പാകെ ഇറ്റാലിയന്‍ നാവികരെയും തങ്ങളുടെ ആയുധങ്ങളും കൊണ്ടുവരില്ലെന്നായിരുന്നു ഇറ്റലിയുടെ ആദ്യത്തെ നിലപാട്. അത് അവരെ കൊണ്ട് തന്നെ തിരുത്തിച്ചു. നിരന്തരം ഇറ്റലി രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ധം നടത്തിയെങ്കിലും ഇന്ത്യ വഴങ്ങിയില്ല. രണ്ട് സുരക്ഷാ ഭടന്മാരേയും ജയിലിലടച്ചു. വെടിയേറ്റു വീണ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനു ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞു. കേരളത്തിലേയും കേന്ദ്രത്തിലേയും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിയ ധീരമായ പോരാട്ടം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വലിയ ചര്‍ച്ചയായത് നാം കണ്ടു. ഇന്ത്യയും ഇറ്റലിയും തമ്മിലെ നയതന്ത്ര ബന്ധം വഷളായപ്പോഴും ഒരു ഒത്തു തീര്‍പ്പിനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വഴങ്ങിയില്ല.

സുപ്രീം കോടതി ക്രിസ്മസിനു നാട്ടില്‍ പോകാന്‍ പ്രതികള്‍ക്ക് അനുമതി നല്‍കുകയും എന്നാല്‍ അവര്‍ തിരിച്ച് വരാതിരിക്കുകയും ചെയ്തതോടെ ഉമ്മന്‍ ചാണ്ടി കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ധം ചെലുത്തി. സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും കര്‍ശന നിലപാടുകളിലേക്ക് നീങ്ങി. ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മന്‍മോഹന്‍ സിംഗും സോണിയ ഗാന്ധിയും കര്‍ശന നിലപാട് എടുത്തു. ഒടുവില്‍ സൈനികര്‍ തിരിച്ച് വന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതോടെയാണു കേസിന്റെ ഗൗരവം ചോര്‍ന്ന് തുടങ്ങിയത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഏറ്റവും വലിയ അടുപ്പക്കാരനായ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരുന്നു പ്രതികള്‍ക്കും ഇറ്റാലിയന്‍ സര്‍ക്കാരിനും വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ കേസിലെ നടപടികളെ സംശയാസ്പദമാക്കുന്നു. 2014 ഡിസംബറില്‍ നാവികര്‍ ഇറ്റലിയില്‍ പോകാന്‍ അനുമതി ചോദിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. അതോടുകൂടി പ്രതികള്‍ ഇറ്റലിയിലേക്കു പോയി. പിന്നെ തിരിച്ച് വന്നില്ല.

കേസിലെ പ്രതികളെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ പറ്റില്ലെന്ന വിധി അന്താരാഷ്ട്ര ട്രിബ്യൂണലില്‍ നിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണ്. ഈ കേസില്‍ നമ്മുടെ പൗരന്മാര്‍ക്ക് സാധ്യമായ നീതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി മോഡി വേണ്ട രീതിയില്‍ ഇടപെട്ടില്ല. ഈ കേസില്‍ നമ്മുടെ പൗരന്മാര്‍ക്ക് സാധ്യമായ നീതി ലഭ്യമാക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കും കത്തെഴുതിയിട്ടുമുണ്ട്. അന്താരാഷ്ട്ര നിയമങ്ങളിലെ സാങ്കേതികത്വം എന്തുതന്നെയായാലും ട്രിബ്യൂണല്‍ വിധി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് ട്രിബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ കഴിയില്ല. ഇതാണ് സ്ഥിതിയെങ്കില്‍, കുറ്റവാളികള്‍ ഇറ്റലിയിലെ കോടതിയില്‍ നീതിപൂര്‍വ്വകമായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യാഗവണ്‍മെന്റ് സമ്മര്‍ദ്ദമുയര്‍ത്തണം. എന്നാല്‍ മോഡിയും ബിജെപിയും അതിനു തയ്യാറല്ല.

എന്നാല്‍ സിപിഎം മുന്‍ എംപി എംബി രാജേഷ് ഇന്നലെ കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കുറ്റപ്പെടുത്തി നരേന്ദ്ര മോഡിയേയും ബിജെപിയേയും സുഖിപ്പിക്കുന്നത് കാണാന്‍ കഴിഞ്ഞു. നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്നതിനു പകരം രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന രാജേഷും സിപിഎമ്മും അറബിക്കടല്‍ അമേരിക്കയ്ക്ക് വിറ്റ് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചത് പോലെ കടല്‍ക്കൊല കേസിലും വഞ്ചിക്കുകയാണു. കോണ്‍ഗ്രസും യുഡിഎഫും രാഹുല്‍ ഗാന്ധിയും മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിലയുറപ്പിച്ചപ്പോള്‍ രാജേഷിനും സിപിഎമ്മിനും നൊന്തു. അപ്പോഴാണു പച്ചക്കള്ളവുമായി രാജേഷ് അവതരിച്ചിരിക്കുന്നത്. രാജേഷ് ഈ വിഷയത്തില്‍ സത്യം തുറന്ന് പറഞ്ഞ് പരസ്യമായി മാപ്പ് പറയണം. അല്ലെങ്കില്‍ ബിജെപിയുമായി സിപിഎം സഖ്യത്തിലാണെന്ന് തുറന്ന് സമ്മതിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in