കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നു. ടൂറിസം വകുപ്പിലെ 42 ജീവനക്കാരെയും ടൂറിസം കായിക വകുപ്പിലെ 151 താത്ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവാണ് ശനിയാഴ്ച കളക്ടര്‍ അസ്‌കര്‍ അലി പുറത്തിറക്കിയത്
പതിമൂന്ന് വര്‍ഷം സര്‍വ്വീസ് ഉള്ളവരെ ഉള്‍പ്പെടെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. സാമ്പത്തിക പ്രതിസന്ധികാരണം രണ്ട് മാസത്തേക്ക് ഡിസെന്‍ഗേജ്‌മെന്റ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. പത്ത് വര്‍ഷത്തിനു മുകളില്‍ സര്‍വ്വീസുള്ളവരൊന്നും ഇതുവരെ ഇത്തരം നടപടികള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് പിരിച്ചുവിട്ടവരില്‍ ഒരാളായ പേരു വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത ജീവനക്കാരന്‍ ദ ക്യുവിനോട് പറഞ്ഞു.
പത്ത് വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഇതാദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടുന്നതെന്നും പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നും മറ്റൊരു ജീവനക്കാരന്‍ ദ ക്യുവിനോട് പറഞ്ഞു.
''നിലവില്‍ രണ്ട് മാസത്തേക്കാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഹോട്ടിലിലെ ജീവനക്കാരാണ് ഞങ്ങള്‍. പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ലഭിച്ചില്ല. ഞാന്‍ പത്ത് വര്‍ഷത്തിന് മുകളിലായി ജോലി ചെയ്യുന്നു. പത്ത് പന്ത്രണ്ട് വര്‍ഷമായവരെയും പിരിച്ചുവിട്ടിട്ടുണ്ട്. ഇതിന് മുന്‍പ് അഡീഷണല്‍ സ്റ്റാഫിനെ പറഞ്ഞുവിട്ടിട്ടുണ്ടായിരുന്നു. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളവരെ ഇതാദ്യമായിട്ടായിരിക്കും പിരിച്ചു വിടുന്നത്. നിലവില്‍ മറ്റൊരു ജോലി ഈ സമയത്ത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.'' പിരിച്ചുവിട്ട ജീവനക്കാരന്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നത്. രണ്ട് മാസക്കാലത്തേക്ക് എന്നാണ് പറയുന്നതെങ്കിലും രണ്ട് മാസം കഴിഞ്ഞാല്‍ തിരിച്ചെടുക്കില്ലേ എന്ന ആശങ്കയും പിരിച്ചു വിട്ട ജീവനക്കാര്‍ പങ്കുവെക്കുന്നുണ്ട്. ഇവരില്‍ ബഹുഭൂരിഭാഗം പേരും ദീര്‍ഘകാലയമായി ടൂറിസം മേഖലയില്‍ ജോലി നോക്കിവരുന്നവരാണ്.
''ദ്വീപിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കാത്തതിനാല്‍ സേവനം ആവശ്യമില്ലാത്ത ജീവനക്കാരെ ഡിസെന്‍ഗേജ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തെയും തൊഴിലാളികളെ ഇത്തരത്തില്‍ ഡിസെന്‍ഗേജ് ചെയ്യുന്ന രീതിയുണ്ടായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ ദ്വീപില്‍ നിന്ന് പിരിച്ചുവിട്ട 191 ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസ് അടിയന്തരമായി അടച്ചുപൂട്ടാനും ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ദ്വീപിലേക്ക് പോകാനുള്ള യാത്രാനുമതി തേടി കേരളത്തിലെ എം.പിമാര്‍ നല്‍കിയ അപേക്ഷയും ലക്ഷദ്വീപ് കളക്ടര്‍ തള്ളിയിട്ടുണ്ട്.