മഷേൽ അൽ അയ്ദ്; ഒളിമ്പിക്‌സ് നീന്തലിൽ സൗദിയിൽ നിന്നുള്ള ആദ്യ വനിത

മഷേൽ അൽ അയ്ദ്; ഒളിമ്പിക്‌സ് നീന്തലിൽ സൗദിയിൽ നിന്നുള്ള ആദ്യ വനിത
Published on

ഒളിമ്പിക്‌സ് നീന്തലിൽ സൗദി അറേബ്യയിൽ നിന്നുള്ള ആദ്യ വനിതയായി മഷേൽ അൽ അയ്ദ്. പാരീസ് ഒളിമ്പിക്‌സിലെ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്‌സിൽ മത്സരിച്ച സൗദിയിൽ നിന്നുള്ള 17കാരി ആറാം സ്ഥാനത്തെത്തി സ്വന്തം പേരിലുള്ള മികച്ച സമയവും നീന്തിയെടുത്തു. സൗദി അറേബ്യയിലെ എലൈറ്റ് അത്‌ലറ്റ് ഡെവലപ്‌മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായതിന് ശേഷമുള്ള തൻ്റെ നാലാമത്തെ മേജർ ചാമ്പ്യൻഷിപ്പിൽ കുറിച്ച 2:21:04 മിനിറ്റായിരുന്നു മഷേൽ അൽ അയ്ദിൻ്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സമയം. ലാ ഡിഫൻസ് അരീനയിലെ ഒളിമ്പിക് പൂളിൽ 2:19:61 മിനിറ്റു കൊണ്ട് നീന്തിയെത്തിയതോടെയാണ് അൽ-അയ്ദ് നേരത്തെയുണ്ടായിരുന്ന തൻ്റെ മികച്ച പ്രകടനത്തെ പിന്നിലാക്കിയത്.

2024 ഏപ്രിലിൽ യുഎഇയിൽ നടന്ന ആദ്യ ഗൾഫ് ഗെയിംസിൽ ഒരു സ്വർണ്ണ മെഡലും രണ്ട് വെള്ളിയും മഷേൽ അൽ അയ്ദ് നേടിയിട്ടുണ്ട്. സൗദി അറേബ്യൻ ഗെയിംസിൽ മൂന്ന് വെങ്കലവും ഒരു വെള്ളി മെഡലും നേടി. മാറ്റങ്ങളുടെ വഴിയെ നീങ്ങുന്ന സൗദിയെ സംബന്ധിച്ച് ആദ്യമായി ഒരു വനിത നീന്തൽപൂളിൽ മത്സരത്തിനിറങ്ങിയെന്നത് മറ്റൊരു നാഴികകല്ലാണ്. ഒളിമ്പിക്സ് വേദിയിൽ മഷേൽ കുറിച്ച നേട്ടം സൗദിയുടെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലുണ്ടായ പുതിയ മാറ്റങ്ങളുടെ കൂടി അടയാളമായി മാറുന്നുണ്ട്.

മഷേൽ അൽ അയ്ദിന് ഒരു മികച്ച ഭാവിയുണ്ട്, എല്ലാ ആശംസകളും എന്നായിരുന്നു കായിക മന്ത്രിയും സൗദി ഒളിമ്പിക് കമ്മിറ്റി ചെയർമാനും പാരീസിലെ രാജ്യത്തിൻ്റെ പ്രതിനിധി സംഘത്തിൻ്റെ തലവനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ എക്‌സിൽ കുറിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in