‘മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ’; മരട് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് ഷമ്മി തിലകന്‍
തീരദേശ പരിപാല നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് നടന്‍ ഷമ്മി തിലകന്‍. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ളാറ്റുടമകളോട് കാണിക്കേണ്ടതില്ലെന്ന് ഷമ്മി തിലകന്‍ പ്രതികരിച്ചു. തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് അവ പാലിക്കാന്‍ വേണ്ടിയാണ്. സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണെന്നും ഷമ്മി തിലകന്‍ ചൂണ്ടിക്കാട്ടി.
ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാര്‍ക്ക് ഓശാന പാടി കൊണ്ട് നിയമത്തില്‍ വരെ ഇളവുകള്‍ ഒപ്പിച്ചു നല്‍കുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്?
ഷമ്മി തിലകന്‍
2008ലാണ് വല്ലാര്‍പാടം ടെര്‍മിനലിന് വേണ്ടി ഇടപ്പള്ളി, നോര്‍ത്ത്, പോണേക്കര, കടുങ്ങല്ലൂര്‍ ഈസ്റ്റ്, ഏലൂര്‍, മഞ്ഞുമ്മല്‍, ചേരാനെല്ലൂര്‍, കോതാട്, മൂലമ്പള്ളി വില്ലേജുകളില്‍ നിന്ന് 316 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. ഇവരുടെ പുനരധിവാസം ഇതുവരെ പൂര്‍ണ്ണമായിട്ടില്ല.
മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയത്തില്‍ രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഫ്‌ളാറ്റ് പൊളിക്കലിലെ തുടര്‍നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് മാത്രമായിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. പന്ത്രണ്ട് പേരാണ് ഒഴിപ്പിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സര്‍ക്കാരിന് കൈമാരിയെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതമല്ലെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ പ്രതികരണം. നോട്ടീസിനെതിരെ തിങ്കളാള്ച്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ഒരു കാരണവശാലും ഒഴിയില്ലെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. അഞ്ച് ഫ്‌ളാറ്റുകളിലുമായി 350ലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. സ്ഥിര താമസക്കാര്‍ അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്.
ഷമ്മി തിലകന്റെ പ്രതികരണം
മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ലാറ്റുടമകളോട് കാട്ടണോ? തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്.
അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാര്‍ക്ക് ഓശാന പാടി കൊണ്ട് നിയമത്തില്‍ വരെ ഇളവുകള്‍ ഒപ്പിച്ചു നല്‍കുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്?
ഇത്തരം സാമൂഹ്യദ്രോഹികളുടെ നിര്‍മ്മാണ അനുമതിക്കും, ഒക്യുപന്‍സിക്ക് വേണ്ടിയുമൊക്കെ ബഹുമാനപ്പെട്ട ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്? ഒന്നും ചെയ്യാനാവില്ലെന്നറിയാം! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാല്‍? ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തല്‍കാലം പറയുന്നു.