സ്‌ഫോടനം വിജയം ; നിലംപൊത്തി ഹോളിഫെയ്ത്ത് എച്ച്ടുഒ
സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലൊന്നായ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. നേരത്തേ നിശ്ചയിച്ചതില്‍ നിന്ന് മാറി 11.18 നാണ് കെട്ടിടം പൊളിച്ചത്. എച്ച്ടുഒ വളപ്പിന് പുറത്തേക്കോ കായലിലേക്കോ കെട്ടിടാവശിഷ്ടങ്ങള്‍ എത്തിയില്ല. ഫ്‌ളാറ്റ് സമുച്ചയം നിലം പൊത്തിയ ഉടന്‍ അന്തരീക്ഷത്തില്‍ വന്‍ പൊടിപടലാവരണമുണ്ടായെങ്കിലും വെള്ളം ചീറ്റി അധികൃതര്‍ ഉടന്‍ തന്നെ ശമനമുണ്ടാക്കി. ഹെലികോപ്റ്ററില്‍ ഉദ്യോഗസ്ഥരുടെ അവസാനവട്ട പരിശോധന പൂര്‍ത്തിയാകാന്‍ വൈകിയതിനാലാണ് ചെറിയ കാലതാമസമുണ്ടായതെന്ന് പൊളിക്കല്‍ ചുമതലയിലുണ്ടായിരുന്ന എഡിഫൈസ് എഞ്ചിനീയറിംഗിന്റെ എംഡി ഉത്കര്‍ഷ് മേത്ത വ്യക്തമാക്കി. സമുച്ചയം പൊളിക്കല്‍ പൂര്‍ണവിജയമാണെന്നും പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
സ്‌ഫോടനത്തിന് മുമ്പായി 10.30നായിരുന്നു ആദ്യ സൈറണ്‍ മുഴങ്ങിയത്. 10.55ന് രണ്ടാം സൈറണ്‍ നിശ്ചയിച്ചിരുന്നുവെങ്കിലും വൈകുകയായിരുന്നു. 11.09ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങി. 11.16നാണ് മൂന്നാം സൈറണ്‍ മുഴങ്ങിയത്. തൊട്ടു പിന്നാലെയായിരുന്നു സ്‌ഫോടനം. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വൈകീട്ട് 5 വരെ തുടരും തേവര കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗതം നിര്‍ത്തിവെച്ചശേഷമാണ് സ്‌ഫോടനം നടത്തിയത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
19 നിലകളിലായി 91 അപാര്‍ട്മെന്റുകളാണ് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായിരുന്നത്. പൊളിക്കുന്നതിനായി 212.4 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ 1471 ദ്വാരങ്ങളില്‍ നിറച്ചിരുന്നു. 8 നിലകളിലാണ് സ്ഫോടനം നടത്തിയത്. ഫ്‌ളാറ്റ് പൊളിച്ചതിന്റെ ഫലമായി 21,450 ടണ്‍ അവശിഷ്ടമാണ് ഉണ്ടായിരിക്കുന്നത്.