രാഷ്ട്രീയാഭിപ്രായങ്ങള്‍ക്കപ്പുറമുള്ള സ്‌നേഹബന്ധവും സൗഹൃദവും ഉമ്മന്‍ചാണ്ടിയുമായുണ്ടെന്ന് മമ്മൂട്ടി. ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അഞ്ച് പതിറ്റാണ്ട് തികയ്ക്കുന്ന വേളയിലായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. സാധാരണത്വം ആണ് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ലളിതമായ ആ സാധാരണത്വമാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നതും. ഉമ്മന്‍ചാണ്ടിയോട് തനിക്ക് വിയോദിപ്പുള്ളത് സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണെന്നും, എപ്പോള്‍ കാണുമ്പോളും അത് അദ്ദേഹത്തോട് പറയാറുണ്ടെന്നും മനോരമയില്‍ എഴുതിയ ലേഖനത്തില്‍ മമ്മൂട്ടി പറയുന്നു.
ലേഖനത്തിന്റെ പൂര്‍ണ രൂപം:
'ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ മൂന്നാം നാള്‍ കൊച്ചിയിലൊരു ചടങ്ങിനു വന്നപ്പോള്‍ ഉച്ചയൂണു കഴിക്കാന്‍ പനമ്പിള്ളി നഗറിലെ ഞങ്ങളുടെ വീട്ടിലേക്കാണ് വന്നത്. യാതൊരു ഔപചാരികതയുമില്ലാത്ത അത്തരം എത്രയോ കൂടിച്ചേരലുകള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. രാഷ്ട്രീയാഭിപ്രായങ്ങള്‍ക്കപ്പുറമുള്ള ഒരു സ്‌നേഹബന്ധവും സൗഹൃദവും ഞങ്ങള്‍ തമ്മിലുണ്ട്.
കേരളം കണ്ടു നിന്ന വളര്‍ച്ചയാണ് ഉമ്മന്‍ചാണ്ടിയുടേത്. ഞാന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഉമ്മന്‍ചാണ്ടി നിയമസഭയിലുണ്ട്. ഉമ്മന്‍ചാണ്ടിയെന്ന ഭരണാധികാരിയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി എന്ന സുഹൃത്തിനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആ സുഹൃത്തിന്റെ വലിയ നേട്ടങ്ങളില്‍ ഞാന്‍ ആഹ്ലാദിക്കുന്നു.
സാധാരണത്വം ആണ് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ലളിതമായ ആ സാധാരണത്വമാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നതും. എത്ര തിരക്കുണ്ടെങ്കിലും ഒന്നു കാണാന്‍ സൗകര്യം ചോദിച്ചാലോ വിളിച്ചാലോ അദ്ദേഹത്തെ കിട്ടാതിരുന്നിട്ടില്ല. അത്ര വലിയ തിരക്കാണെങ്കില്‍ ഞാന്‍ തിരിച്ചു വിളിക്കാമെന്ന് അദ്ദേഹം പറയും. കൃത്യമായി തിരിച്ചു വിളിക്കുകയും ചെയ്യും.
ഉമ്മന്‍ചാണ്ടിയോട് വിയോജിപ്പുള്ളത് സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണ്. എപ്പോഴും കാണുമ്പോള്‍ അക്കാര്യങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചു പറയാറുമുണ്ട്. അമേരിക്കയില്‍ ചികിത്സയ്ക്കു പോയി ദുബായ് വഴി മടങ്ങിയെത്തിയപ്പോള്‍ ഞാനും ആ സമയത്ത് ദുബായിലുണ്ടായിരുന്നു. ഉടനെ തന്നെ മകള്‍ അച്ചു താമസിക്കുന്ന വീട്ടില്‍പ്പോയി കണ്ടു. രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് മടങ്ങിയത്.
പൊതുജീവിതത്തില്‍ നിന്ന് എപ്പോഴോ പിന്‍വലിഞ്ഞു നില്‍ക്കുന്നതായി എനിക്കു തോന്നിയപ്പോഴും ഞാന്‍ വിളിച്ചു:''പിന്നോട്ടു മാറിനില്‍ക്കരുത്. ധൈര്യമായി മുന്നോട്ടു പോകണം''. അത്തരം വിളികള്‍ എപ്പോഴുമുണ്ടാകാറുണ്ട്. നേട്ടങ്ങളും പദവികളും വരുമ്പോഴുള്ള അഭിനന്ദനങ്ങളെക്കാള്‍ ഒന്നുലഞ്ഞു പോയോ എന്നു ഞാനാശങ്കപ്പെടാറുള്ള സന്ദര്‍ഭങ്ങളിലാണ് കൂടുതലും വിളിച്ചിട്ടുള്ളത്. ആ പാരസ്പര്യം അദ്ദേഹത്തിനുമറിയാം. അത് ഹൃദയം കൊണ്ടൊരു കൊടുക്കല്‍ വാങ്ങലാണ്. അതിനു വാക്കുകളുടെ കടലൊന്നും വേണ്ട. ഒരു മിഴിച്ചെപ്പിലൊതുങ്ങുന്ന സ്‌നേഹാന്വേഷണം മതി.'