റോമില്‍ നടക്കുന്ന ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇറ്റലിയിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തിന് തന്നോട് അസൂയയാണെന്നും, എല്ലാക്കാലത്തും തന്നെ തടയാനാകില്ലെന്നും മമത പ്രതികരിച്ചു.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മമത ബാനര്‍ജിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഒരു മുഖ്യമന്ത്രി ഇത്തരം സമ്മേളനത്തില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്.
തന്റെ എത്ര യാത്ര കേന്ദ്രത്തിന് തടയാനാകുമെന്ന് ചോദിച്ച മമത, തന്നെ എല്ലാക്കാലത്തും തടയാനാകില്ലെന്നും പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും ഹിന്ദുക്കളെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു, ഞാനും ഹിന്ദുവാണ്, നിങ്ങള്‍ എന്തുകൊണ്ട് എനിക്ക് അനുമതി നല്‍കുന്നില്ല. നിങ്ങള്‍ പൂര്‍ണ അസൂയാലുവാണ്. തനിക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വ്യഗ്രതയില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.