രാജ്യത്തിന്റെ ഏറ്റവും വലിയ ശാപമാണ് ബി.ജെ.പിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്നെ അറസ്റ്റ് ചെയ്താല്‍ ജയിലില്‍ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിടും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജയം ഉറപ്പാക്കുമെന്നും മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടിയല്ല, നുണകളുടെ മാലിന്യകൂമ്പാരമാണ് ബി.ജെ.പിയെന്ന് മമതാ ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ നാരദയും ശാരദയുമായി അവരെത്തും. ബി.ജെ.പിയുടെ ഏജന്‍സികളെ താന്‍ ഭയക്കുന്നില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടാം. ജയിലില്‍ നിന്ന് തെരഞ്ഞെടുുപ്പിനെ നേരിടും.
ബിഹാറില്‍ ലാലുപ്രസാദ് യാദവ് തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിച്ചത് ജയിലില്‍ കിടന്നാണ്. തന്റെ പാര്‍ട്ടിയുടെ മികച്ച പ്രകടനം ഉറപ്പു വരുത്താന്‍ ലാലു പ്രസാദ് യാദവിന് കഴിഞ്ഞു. ജനവിധി ബി.ജെ.പിയ്ക്ക് അനുകൂലമായിരുന്നില്ലെന്നും കൃത്രിമം കാണിച്ചാണ് വിജയം നേടിയതെന്നും മമത ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്യുകയാണ് ബി.ജെ.പി. വന്‍ വിജയത്തോടെ അധികാരത്തില്‍ വീണ്ടുമെത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു.