മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പുകഴ്ത്തി നടി മല്ലിക സുകുമാരന്‍. നല്ലതെന്ന് തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നിന്ന്, ജനഹിതം അനുസരിച്ച് അവ നിര്‍ഭയം നടപ്പിലാക്കുന്ന ഭരണാധികാരികളോടാണ് തന്നെ പോലുള്ളവര്‍ക്ക് സ്‌നേഹം എന്ന് വ്യക്തമാക്കിയ മല്ലിക, റിയാസ് എന്ന യുവമന്ത്രിയുടെ വാക്കുകളില്‍ ഇടതുമുന്നണിക്ക് അഭിമാനിക്കാം എന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കരാറുകാരെ കൂട്ടി മന്ത്രിയെ കാണാന്‍ വരരുതെന്ന തന്റെ പരാമര്‍ശത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു മല്ലിക സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മന്ത്രിയെന്ന നിലയില്‍ താന്‍ നടപ്പാക്കുന്നത് ഇടതുപക്ഷ നയവും നിലപാടുമാണ്. തട്ടിപ്പും അഴിമതിയും നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
'ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല. നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക.. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക.. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്‌നേഹവും ആദരവും. ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം. അഭിനന്ദനങ്ങള്‍ ശ്രീ.മുഹമ്മദ് റിയാസ്', മല്ലിക സുകുമാരന്‍ കുറിച്ചു.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ബന്ധങ്ങളുണ്ടെന്നും ഇവര്‍ക്കിടയില്‍ തട്ടിപ്പും അഴിമതിയും ഉണ്ടെന്നും റിയാസ് പറഞ്ഞിരുന്നു. കരാറുകാരുടെ ഇത്തരം നീക്കങ്ങള്‍ ഇതിന് കരാറുകാരെ സഹായിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കരാറുകാരെയും കൂട്ടി എം.എല്‍.എമാരെ കാണാന്‍ വരരുതെന്ന് താന്‍ പറഞ്ഞതെന്നും, ഇടതുപക്ഷ എം.എല്‍.എയായാലും വലതുപക്ഷ എം.എല്‍.എയായാലും ഇത്തരം കരാറുകാരെ കൂട്ടി തന്റെ പക്കല്‍ വരുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞിരുന്നു.
സി.പി.ഐ.എം നിയമസഭാ കക്ഷിയോഗത്തില്‍ മുഹമ്മദ് റിയാസിനെതിരെ എം.എല്‍.എമാരുടെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്ന് റിയാസ് ഖേദം പ്രകടിപ്പിച്ചെന്നുമുള്ള തരത്തില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റിയാസ്.