കെ.ജി.ജോര്‍ജ്ജ്; അനുകരിക്കാതെയും, സ്വയം ആവര്‍ത്തിക്കാതെയും സാധ്യമാക്കിയ നവഭാവുകത്വം, വിട മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്

kg george 2
kg george 2
Published on

കലാസൃഷ്ടികള്‍ കാലാതീതമാകുകയെന്നത് അപൂര്‍വതയാണ്. ആ അപൂര്‍വതയെ ആവിഷ്‌കാരതീവ്രയാല്‍ അര്‍ത്ഥവല്‍ക്കരിച്ച പ്രതിഭയാണ് കെ ജി ജോര്‍ജ്ജ്. സിനിമ എന്ന മാധ്യമത്തിന്റെ സാര്‍വദേശീയതയെ ഉള്‍ക്കൊണ്ട് മലയാളിക്ക് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനാകുന്ന ചലച്ചിത്രപ്രതിഭകളിലെ ഒന്നാംപേരുകാരന്‍. പതിവുകളെയും, പരിധിവൃത്തങ്ങളെയും ലംഘിച്ച് നമ്മുടെ സിനിമയില്‍ നടക്കുന്ന ഓരോ പരീക്ഷണങ്ങള്‍ക്കും ധൈര്യമായും, മാതൃകയായും നില്‍ക്കുന്ന സമാന്തരപാത കൂടിയാണ് കെ ജി ജോര്‍ജ്ജിന്റെ ചലച്ചിത്രസപര്യ. ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന രണ്ടരപ്പതിറ്റാണ്ടിനിടെ 19 സിനിമകള്‍. സിനിമകളുടെ എണ്ണപ്പെരുക്കത്തില്‍ അല്ല, ക്ലാസിക്കുകള്‍ക്കൊപ്പം എണ്ണപ്പെടാനാകുന്ന സൃഷ്ടികളിലൂടെയാണ് കെ ജി ജോര്‍ജ്ജിന്റെ സിനിമാ പ്രപഞ്ചമൊരു പാഠപുസ്തകമാകുന്നത്. ഇതുവരെയുള്ള ഇന്ത്യന്‍ സിനിമകളില്‍ നിന്ന് മികച്ച പത്തെടുത്താല്‍ ഈ പത്തൊന്‍പതില്‍ നിന്ന് ഒന്നില്‍ കൂടുതലെടുക്കാനാകും.

ആറ് പതിറ്റാണ്ട് പിന്നിടുന്ന മലയാള സിനിമയുടെ സംഭാവനകളെ മികവിനൊപ്പം തുലനം ചെയ്യുമ്പോള്‍ അവിടെയും ആദ്യനിരയില്‍ ഇടംപിടിക്കുന്ന സിനിമകള്‍ക്കൊപ്പം ആവര്‍ത്തിക്കുന്നത് പേരായിരിക്കും കെ ജി ജോര്‍ജ്ജ്. കഥയുടെ കേവല വിവരണമെന്നതിനപ്പുറം ദൃശ്യവ്യാകരണത്തിന്റെ സര്‍വ്വസാധ്യതകളിലുമൂന്നിയുള്ള അവതരണമായിരുന്നു പ്രധാന സിനിമകളെല്ലാം. സാമൂഹികവും മനശാസാത്രപരവുമായ ഉള്‍ക്കാഴ്ചകളിലൂടെ മലയാളിയുടെ ആസ്വാദനത്തെ കൂടിയാണ് ഈ ചലച്ചിത്ര പ്രതിഭ പുതുക്കിയെടുത്തത്. അതുകൊണ്ട് തന്നെ കെ ജി ജോര്‍ജ്ജ് മലയാളിക്ക് ഏതെങ്കിലുമൊരു കാലഗണനയില്‍ പരിഗണിക്കാനാകുന്ന ചലച്ചിത്രകാരനല്ല, എല്ലാ കാലത്തേക്കുമുള്ള പ്രതിഭയാണ്.

അനുകരിക്കാതെയും, സ്വയം ആവര്‍ത്തിക്കാതെയും സാധ്യമാക്കിയ നവഭാവുകത്വത്തിലാണ് ക്രാഫ്റ്റ്മാനെന്നും സംവിധായകനെന്നും കേള്‍ക്കുമ്പോള്‍ മലയാളിക്ക് മുന്നിലെത്തുന്ന ആദ്യ പേരായി കെ ജി ജോര്‍ജ്ജ് മാറുന്നത്. നന്മയില്‍ വാര്‍ത്തെടുത്ത നായകബിംബങ്ങളെ, ഗ്രാമീണതയെന്നാല്‍ നിഷ്‌കളങ്കതയെന്ന് വിശ്വസിപ്പിച്ച നടപ്പുരീതികളെ, ആണധികാരമുറപ്പിക്കുന്ന ചലച്ചിത്ര പ്രസ്താവനകളെ തച്ചുടച്ചാണ് ഇരകളും യവനികയും ആദാമിന്റെ വാരിയെല്ലും കോലങ്ങളും സ്വപ്നാടനവും മലയാളിക്ക് മുന്നിലെത്തിയത്. കഥാപാത്ര സൃഷ്ടിയിലെ സൂക്ഷ്മതയും, കാഴ്ചയില്‍ പലവിധ മാനങ്ങളിലേക്ക് വിസ്തൃതമാകുന്ന രംഗസൃഷ്ടിയും, സാങ്കേതിക പരിചരണത്തിലെ കയ്യടക്കവുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഗൗരവ ചര്‍ച്ചാകുന്ന കാലത്ത് ഏറ്റവുമധികം വായനകള്‍ക്ക് വിധേയമാകേണ്ട സൃഷ്ടികളുമാണ് ഈ ചലച്ചിത്രകാരന്റേത്.

പഞ്ചവടിപ്പാലത്തിന് മുകളിലൊരു രാഷ്ട്രീയ സാമൂഹിക ആക്ഷേപഹാസ്യചിത്രത്തെക്കുറിച്ച് മൂന്ന് പതിറ്റാണ്ടിനിപ്പുറം ആലോചിക്കാനായിട്ടില്ല മലയാളിക്ക്. രാഷ്ട്രീയ സിനിമയെടുത്താല്‍ ഇരകളും, സ്ത്രീപക്ഷസിനിമകളെടുത്താല്‍ ആദാമിന്റെ വാരിയെല്ലും, ക്രൈം ഡ്രാമകളിലേക്ക് വരുമ്പോള്‍ യവനികയും മറ്റേതിനേക്കാള്‍ തലപ്പൊക്കത്തിലുണ്ട്. അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ കണ്ണി കൂടി, മറ്റൊരാള്‍ എന്നീ സിനിമകള്‍ കൂടി വായനകളിലൂടെ പുതുക്കപ്പെടുമ്പോള്‍ കഥനരീതിയിലെ സവിശേഷതയാല്‍ ചര്‍ച്ചയാകുമ്പോള്‍ കെ ജി ജോര്‍ജ്ജിനെ ബോധപൂര്‍വ്വം വിസ്മരിച്ച സംസ്ഥാന-ദേശീയ പുരസ്‌കാര നിര്‍ണയം കൂടിയാണ് വരുംകാലങ്ങളില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണു. റിയലിസത്തിലൂന്നി എല്ലാത്തരം പ്രേക്ഷകരോടും വിനിമയം ചെയ്യപ്പെടുന്ന രീതിയില്‍ എല്ലാകാലത്തേക്കുമായി അദ്ദേഹമൊരുക്കിയ സിനിമകള്‍ക്ക് തന്നെയാണ് പുരസ്‌കാരപ്പെരുമഴകളെക്കാള്‍ മൂല്യം. വേദനയുള്ള സത്യങ്ങള്‍ പറയുകയെന്നത് കലയുടെ ധര്‍മ്മമാണെന്ന് വിശ്വസിച്ച ചലച്ചിത്രകാരന്, അനുപമമായ കയ്യടക്കത്താല്‍ സിനിമയെന്ന മാധ്യമത്തില്‍ അത്ഭുതങ്ങള്‍ ആവര്‍ത്തിച്ച മാസ്റ്റര്‍ക്ക്, വിട.

Related Stories

No stories found.
logo
The Cue
www.thecue.in