‘നടിമാര്‍ വസ്ത്രം മാറുന്നത് പകര്‍ത്തി ഭീഷണിപ്പെടുത്തുന്നത് പതിവ്’; മലയാള സിനിമ നിയന്ത്രിക്കുന്നത് ശക്തമായ ലോബിയെന്ന് ഹേമ കമ്മീഷന്‍
മലയാള സിനിമാലോകത്ത് എന്തു നടക്കണം, നടക്കേണ്ടായെന്നു തീരുമാനിക്കാന്‍ കഴിയുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. 15 പേരെങ്കിലും അടങ്ങുന്ന ശക്തമായ ലോബിയാണ് മലയാള സിനിമാ ലോകത്തുള്ളത്. ഇതിലൊരാള്‍മാത്രം തീരുമാനിച്ചാല്‍പ്പോലും അവര്‍ക്കിഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്തുനിന്ന് ഇല്ലാതാക്കാന്‍ കഴിയും. ഇതില്‍ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ തലങ്ങളിലുള്ളവരുണ്ടെന്നും ചൂഷണം നേരിട്ടവര്‍ കമ്മിറ്റിക്കു തെളിവ് നല്‍കാതിരിക്കാന്‍ ഈ ലോബി ശ്രമിച്ചുവെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് ‘മാതൃഭൂമി’ റിപ്പോര്‍ട്ട് ചെയ്തു.
സിനിമാരംഗത്ത് കരാര്‍വ്യവസ്ഥ ഉണ്ടാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖ താരങ്ങള്‍ക്കുപോലും കരാര്‍ നല്‍കുന്നില്ല. ഏതൊക്കെ രംഗമാണ് അഭിനയിക്കേണ്ടതെന്നും നേരത്തേ പറയാറില്ലാത്തത് നടിമാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
സിനിമ തുടങ്ങി കുറേക്കഴിഞ്ഞുമാത്രമാണ് ചുംബനം, ശരീരപ്രദര്‍ശനം നടത്തേണ്ട രംഗങ്ങള്‍ അഭിനയിക്കണമെന്നു പറയുന്നത്. ഇതിന്റെപേരില്‍ നടിമാരെ മാനസികമായി പീഡിപ്പിക്കുന്നതു പതിവാണ്. ഈ രംഗങ്ങള്‍ അഭിനയിക്കാന്‍ വിമുഖത കാണിക്കുന്നവരെ വിലക്കുന്നതും പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടിമാര്‍ വസ്ത്രംമാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നതു പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു ഇത്തരം ദൃശ്യങ്ങള്‍ കൈവശംവെച്ച് ഭീഷണിപ്പെടുത്തുന്നതും ലോബിയുടെ രീതിയാണ്. അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്തും. സിനിമയില്‍ ഇവര്‍ക്കു വിധേയരായി പ്രവര്‍ത്തിച്ചാല്‍മാത്രമേ നിലനില്‍പ്പുള്ളൂവെന്ന സ്ഥിതിയാണെന്നും 300 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
നടി ആക്രമിക്കപ്പട്ടതിന് പിന്നാലെ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യൂസിസി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമേ നടി ശാരദ, കെ ബി വത്സല കുമാരി എന്നിവര്‍ കമ്മീഷനിലുണ്ട്. 2017ല്‍ രൂപീകരിച്ച കമ്മീഷന്‍ രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിര്‍മാണം, അഭിനയം, സംവിധാനം തുടങ്ങി പ്രധാന മേഖലകളിലെ 57 പേരുമായി നേരില്‍ക്കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ചിത്രീകരണ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാറില്ല. വസ്ത്രം മാറാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ ഉള്ള സൗകര്യംപോലും പലയിടത്തുമില്ല. ഇത്തരം കാര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണം. നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്കു ചെല്ലാന്‍ പറയും. അവരോട് ലൈംഗികതാത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ. ഇതിന്റെ വാട്സാപ്പ് ചാറ്റ്, സ്‌ക്രീന്‍ ഷോട്ടുകള്‍, എസ്.എം.എസ്. സന്ദേശങ്ങള്‍ എന്നിവയുടെ നൂറിനടുത്ത് തെളിവുകള്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ സബ്‌സ്‌ക്രൈബ് ചെയ്യാം
അവസരത്തിനായി കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിക്കുന്നതായിട്ടും ചിലര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി. പ്രമുഖരായ പലര്‍ക്കും അപ്രഖ്യാപിത വിലക്കുണ്ട് ചലച്ചിത്രരംഗത്തെ സ്ത്രീകളുമായും തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും വനിതാ ജഡ്ജി അംഗമായി അടിയന്തരമായി ട്രിബ്യൂണല്‍ രൂപവത്കരിക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം