ശ്വേത മേനോനും കുക്കു പരമേശ്വരനും ഐ.സിയില്‍ നിന്ന് രാജിവെക്കും: മാലാ പാര്‍വതി

ശ്വേത മേനോനും കുക്കു പരമേശ്വരനും ഐ.സിയില്‍ നിന്ന് രാജിവെക്കും: മാലാ പാര്‍വതി
User
Published on

താര സംഘടനയായ അമ്മയുടെ ഐ.സി.സി (പരാതി പരിഹാര സമിതി)യില്‍ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെക്കുമെന്ന് മാലാ പാര്‍വതി. സമിതിയില്‍ നിന്ന് രാജി വെക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാലാ പാര്‍വതി കുക്കുവും ശ്വേതയും രാജി സന്നദ്ധത അറിയിച്ച കാര്യം വ്യക്തമാക്കിയത്.

'ശ്വേതയും കുക്കു പരമേശ്വരനും രാജിവെക്കാന്‍ പോവുകയാണെന്നാണ് അറിയിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. എന്നോട് സംസാരിച്ചത് ശ്വേതയും കുക്കുവും മാത്രമാണ്. ശിക്ഷ വരുന്നത് വരെ ആരും കുറ്റക്കാരല്ല. പക്ഷെ അമ്മയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ തുടരാന്‍ വിജയ് ബാബു അര്‍ഹനല്ല,' മാലാ പാര്‍വതി പറഞ്ഞു.

അതേസമയം താന്‍ അമ്മയില്‍ നിന്ന് രാജി വെക്കുന്നില്ല. പക്ഷെ ഈ തീരുമാനത്തെ ഐസിസി അംഗമായിരുന്നുകൊണ്ട് അംഗീകരിക്കാന്‍ സാധിക്കില്ല. ഇതൊരു തെറ്റായ നടപടിയാണ്. അതുകൊണ്ട് രാജി സമര്‍പ്പിച്ചു എന്നാണ് മാലാ പാര്‍വതി പറഞ്ഞത്.

ബലാല്‍സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇന്റേണല്‍ കമ്മിറ്റി നിര്‍ദേശം അമ്മ നേതൃത്വം തള്ളിയതിന് പിന്നാലെയാണ് മാലാ പാര്‍വതിയുടെ രാജി.

ശ്വേത മേനോന്‍ പ്രിസൈഡിംഗ് ഓഫീസറായ ഇന്റേണല്‍ കമ്മിറ്റി ബലാല്‍സംഗ കേസില്‍ ഉള്‍പ്പെട്ട വിജയ് ബാബുവിനെ അമ്മയുടെ തലപ്പത്ത് നിന്ന് നീക്കണമെന്ന നിര്‍ദേശമാണ് ഏപ്രില്‍ 27ന് എക്സിക്യുട്ടീവ് കമ്മിറ്റിക്ക് കൈമാറിയത്. കമ്മിറ്റിയില്‍ നിയമവിഭാഗം ചുമതലയുള്ള അംഗവുമായി കൂടി ചര്‍ച്ച ചെയ്തായിരുന്നു ഐ.സി നിര്‍ദേശം. വിജയ് ബാബുവിനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് ഐ.സിയില്‍ നിന്ന് രാജി വെക്കുന്നതായും അമ്മ അംഗത്വം തുടരുമെന്നും മാലാ പാര്‍വതി അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in