‘സവര്‍ണഹിന്ദുക്കളില്‍ വലിയഭാഗം ദരിദ്രാവസ്ഥയില്‍’; ബ്രാഹ്മണര്‍ക്ക് താല്‍പര്യമുള്ള ഇടങ്ങളില്‍ ജോലി വിരളമായെന്ന് കോടിയേരി
ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം സാമ്പത്തികമായി പിന്നണിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വോട്ടര്‍മാരോട് ചര്‍ച്ച നടത്തിയ ശേഷം ദേശാഭിമാനിയില്‍ പിബി അംഗം എഴുതിയ 'ജനമനസിലൂടെ' എന്ന ലേഖനത്തിലാണ് പരാമര്‍ശമുള്ളത്. ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയില്‍ പല അഗ്രഹാരങ്ങളും മാറിയെന്ന് കോടിയേരി ലേഖനത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. അഗ്രഹാരങ്ങള്‍ പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിച്ച് തുടര്‍നടപടിയെടുപ്പിക്കാമെന്ന് ഉറപ്പു നല്‍കിയതായും കോടിയേരി പറയുന്നു.
എല്‍ഐസി, ബാങ്ക്, ബിഎസ്എന്‍എല്‍ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍മാത്രം ജോലിക്ക് പോകുന്നവരാണ് അഗ്രഹാരത്തിലെ ബിരുദധാരികളായ സ്ത്രീകള്‍. പക്ഷേ, ആ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാനുള്ള സാധ്യത വിരളമായി.
കോടിയേരി ബാലകൃഷ്ണന്‍
ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പെടുത്തിയതിനെയും ലേഖനത്തില്‍ കോടിയേരി ന്യായീകരിച്ചു. പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന നിര്‍ദേശം സിപിഐ എം ദേശീയമായിത്തന്നെ വളരെമുമ്പേ ആവശ്യപ്പെട്ടത് ഇതുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.
എല്‍ഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടായതില്‍ 'ശബരിമല' ഒരു ഘടകമാണെന്ന് ചിലര്‍ വെളിപ്പെടുത്തി. ശബരിമല കാരണമാണ് വോട്ട് മാറി ചെയ്തതെന്ന് ചില വീട്ടമ്മമാര്‍ തുറന്നുപറഞ്ഞു. ശക്തമായ അതൃപ്തിയുണ്ടെങ്കിലും വോട്ട് എല്‍ഡിഎഫിനുതന്നെ ചെയ്‌തെന്ന് പറഞ്ഞവരുമുണ്ട്. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി എല്‍ഡിഎഫ് സര്‍ക്കാരിന്റെ സൃഷ്ടിയല്ല. വിധി വന്നപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചു. പിന്നീട് അവര്‍ നിലപാടില്‍ മാറ്റംവരുത്തിയപ്പോള്‍ ഒരു രാഷ്ട്രീയസമരമായി മാറുന്നുവെന്ന് കണക്കിലെടുത്ത് ഇടപെടാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ലെന്ന് ചിലര്‍ കുറ്റപ്പെടുത്തി. വനിതാമതിലിന് ശേഷം രണ്ട് സ്ത്രീകള്‍, പ്രത്യേകിച്ച് വിശ്വാസികളല്ലെന്ന് വിശ്വാസികള്‍ കരുതുന്ന സ്ത്രീകള്‍, ക്ഷേത്രത്തില്‍ കയറിയത് സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങളുണ്ടായെന്നും ലേഖനത്തിലുണ്ട്.
ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരായ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മേജര്‍ ആര്‍ച്ച് ബിഷപ് സൂസപാക്യം, സിഎസ്‌ഐ ബിഷപ് ധര്‍മരാജ് റസാലം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനേക്കുറിച്ചും കോടിയേരി വിശദീകരിക്കുന്നുണ്ട്.