അട്ടപ്പാടി മധു വധക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത സംഭവത്തില്‍ തിരുത്തല്‍ നടപടിയുമായി നേതൃത്വം. ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച്, മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ഷംസുദ്ദീന്‍ പാലക്കാടിനെയായിരുന്നു മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കരുതെന്ന് ഏരിയാ നേതൃത്വം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. സംഭവം വാര്‍ത്തയായതോടെ മുക്കാലി ബ്രാഞ്ചില്‍ പുതിയ സെക്രട്ടറിയെ ഇന്ന് തന്നെ തെരഞ്ഞെടുക്കാന്‍ പാലക്കാട് ജില്ല സി.പി.എം കമ്മിറ്റി പ്രാദേശിക നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
2018 ഫെബ്രുവരിയിലായിരുന്നു മധുവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പ്രതികളായ പതിനാറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018 മെയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.