'പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍'; മുന്നറിയിപ്പ് നല്‍കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചുവെന്ന് മാധവ് ഗാഡ്ഗില്‍

'പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍'; മുന്നറിയിപ്പ് നല്‍കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചുവെന്ന് മാധവ് ഗാഡ്ഗില്‍
Published on

പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ കേരളത്തില്‍ ഇനിയും പലതരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗില്‍. താന്‍ ഇതുസംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും, എന്നാല്‍ ആ റിപ്പോര്‍ട്ട് എല്ലാവരും ചേര്‍ന്ന് അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പ്രകൃതി ക്ഷോഭങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം.

പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ പല ദുരന്തങ്ങള്‍ കാണേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി താന്‍ നല്‍കിയ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ആര്‍ക്കും ആര്‍ജ്ജവമുണ്ടായിരുന്നില്ല. അതിതീവ്രമഴ മാത്രമല്ല, അതോടൊപ്പം പശ്ചിഘട്ടത്തെ പരിധിയില്ലാത്ത രീതിയില്‍ ചൂഷണം ചെയ്തതും ദുരന്തങ്ങള്‍ക്ക് കാരണമായി. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേര്‍ന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ പ്രോജക്ടിനെയും അദ്ദേഹം വിമര്‍ശിച്ചു. വന്‍കിട നിര്‍മ്മാണങ്ങളല്ല ഇപ്പോള്‍ കേരളത്തിന് ആവശ്യം. യാത്രാസമയം മുപ്പതോ നാല്‍പ്പതോ മിനിറ്റ് ലാഭിക്കാനായി പശ്ചിമഘട്ടത്തിലെ പാറയെല്ലാം തുരന്നെടുത്ത് പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Madhav Gadgil About Kerala's Environmental Situation

Related Stories

No stories found.
logo
The Cue
www.thecue.in