ഇത് അപൂര്‍വം, സാധാരണ വിവാദത്തില്‍പ്പെടുന്നവരുടെ കൂടെ ആരുമുണ്ടാവാറില്ല; ബാബുരാജിന് നന്ദി പറഞ്ഞ് മാല പാര്‍വതി

ഇത് അപൂര്‍വം, സാധാരണ വിവാദത്തില്‍പ്പെടുന്നവരുടെ കൂടെ ആരുമുണ്ടാവാറില്ല; ബാബുരാജിന് നന്ദി പറഞ്ഞ് മാല പാര്‍വതി
Published on

മണിയന്‍പിള്ള രാജുവിന്റെ വിവാദ പ്രസ്താവനയെ തള്ളിയും മാല പാര്‍വതിയുടെ രാജിയെ പിന്തുണച്ചും രംഗത്തെത്തിയ അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജിന് നന്ദി പറഞ്ഞ് നടി മാല പാര്‍വതി. അമ്മയിലെ വനിതകള്‍ പാവകളല്ലെന്ന ബാബുരാജ് നടത്തിയ പ്രസ്താവനയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്.

'ഇത് അപൂര്‍വവും അസാധാരണവുമാണ്. വിവാദങ്ങള്‍ നേരിടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ കൂടെ സാധാരണ ആളുകള്‍ ആരും നില്‍ക്കാറില്ല. നന്ദി ബാബുരാജ് ജേക്കബ്,' എന്നാണ് മാല പാര്‍വതി കുറിച്ചത്.

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ അമ്മയുടെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി കഴിഞ്ഞ ദിവസം രാജി വെച്ചത്. എന്നാല്‍ സംഘടനയിലെ ഒരു അംഗത്തെ സംരക്ഷിക്കേണ്ട ചുമതല അതിലെ അംഗങ്ങള്‍ക്കുണ്ടെന്നും സ്ത്രീകള്‍ക്ക് അവരുടെ സംഘടനയില്ലേ എന്നുമാണ് മണിയന്‍ പിള്ള രാജു ചോദിച്ചത്.

മാല പാര്‍വതി രാജി വെച്ചു എന്ന കാരണം കൊണ്ട് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെക്കില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബാബുരാജ് രംഗത്തെത്തിയത്. അമ്മയിലെ സ്ത്രീകള്‍ പാവകളല്ലെന്ന് ബാബുരാജ് പറഞ്ഞു.

മണിയന്‍പിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശ്യം എന്താണെന്ന് മനസിലായില്ല. ആ പ്രസ്താവനയോടുള്ള മറുപടി തന്നെയാണ് മാല പാര്‍വതിയുടെ രാജി.അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നു. കാരണം അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല അവര്‍ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു. സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ വേറെ സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയന്‍പിള്ള രാജു പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അദ്ദേഹം ഉദേശിച്ചത് ഡബ്ല്യു.സി.സിയെ ആണെങ്കില്‍ പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് ബാബുരാജ് പറഞ്ഞത്.

അമ്മയിലെ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികള്‍ അമ്മയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ വേറെ ആരാണ് ചര്‍ച്ച ചെയ്യാനുള്ളത്. അമ്മയുടെ വൈസ് പ്രസിഡന്റ് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ലെന്നും ബാബുരാജ് പറഞ്ഞു.

സ്ത്രീകളുടെ പരാതികള്‍ ഏറെ പ്രാധാന്യത്തോടെ കേള്‍ക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും വേണമെന്നും ബാബുരാജ് പറഞ്ഞു. അവരോട് മറ്റൊരു സംഘടനയില്‍ പോയി പരാതി പറയണം എന്നുപറഞ്ഞതിന്റെ അര്‍ഥം എന്താണെന്നു മനസിലാകുന്നില്ല. മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയോട് വൈസ് പ്രസിഡന്റായ ശ്വേത ഉള്‍പ്പടെ മറ്റുള്ള വനിതകള്‍ക്കും അമര്‍ഷമുണ്ടാകും. അവരൊന്നും പാവകളല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐ.സി.സി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് ശ്വേത മേനോനും അംഗമായ കുക്കു പരമേശ്വരനും രാജി വെച്ചിട്ടുണ്ട്. അമ്മയുടെ വിജയ് ബാബു വിഷയത്തില്‍ അമ്മ സ്വീകരിച്ച സമീപനത്തില്‍ പ്രതിഷേധിച്ചാണ് മാല പാര്‍വതിക്ക് പിന്നാലെ ഇരുവരും രാജി വെച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in