എം വി ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക് മത്സരിക്കും. എംപി വീരേന്ദ്രകുമാര്‍ മരിച്ചതോടെ ഒഴിവു വന്ന സീറ്റിലേക്കാണ് മകന്‍ ശ്രേയാംസ്‌കുമാര്‍ മത്സരിക്കുന്നത്. സീറ്റ് എല്‍ ജെ ഡിക്ക് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായി. ഈ മാസം എട്ടിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവില്‍ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷനാണ് ശ്രേയാംസ്‌കുമാര്‍.
വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സീറ്റ് എല്‍ജെഡിക്ക് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യും.സീറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ വീണ്ടും അവകാശവാദം ഉന്നയിക്കരുതെന്ന് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചതായാണ് സൂചന.
രാജ്യസഭാ സീറ്റ് ആവശ്യപ്പെടാന്‍ എല്‍ജെഡി സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. സീറ്റ് നല്‍കാമെന്ന് സിപിഎം എല്‍ജെഡിക്ക് ഉറപ്പ് നല്‍കി. എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികള്‍ക്കും വിയോജിപ്പുണ്ടായില്ല. ഓഗസ്ത് പത്തിന് എല്‍ജെഡി സംസ്ഥാന സമിതിയോഗവും ചേരുന്നുണ്ട്.
രാജ്യസഭാ സീറ്റില്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇതില്‍ സംസ്ഥാന സമിതിയുടെ പിന്തുണ ലഭിച്ചില്ലെന്നാണ് സൂചന. നിയമസഭാ സീറ്റ് വര്‍ഗ്ഗീസ് ജോര്‍ജ്ജിന് നല്‍കും.