കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുവെന്ന് എം സ്വരാജ് എംഎല്‍എ നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കവെയായിരുന്നു സ്വരാജിന്റെ പ്രസ്താവന. മുഖ്യമന്ത്രിക്കസേരയില്‍ കണ്ടവര്‍ കയറി ഇരിക്കുന്ന പഴയ കാലമല്ല ഇപ്പോള്‍ കേരളത്തിലെന്ന് ഓര്‍ക്കണമെന്നും സ്വരാജ് പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച് നില്‍ക്കുന്നു. ജനവിരുദ്ധ പ്രതിപക്ഷം മാത്രമല്ല, അവര്‍ പടച്ചുവിടുന്ന അസത്യ ജല്‍പ്പനങ്ങളെ അച്ചടിച്ച് വിട്ടും ദൃശ്യചാരുത നല്‍കിയും വിശുദ്ധ സത്യമാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും ചേര്‍ന്നതാണ് കേരളത്തിലുള്ള അവിശുദ്ധ സഖ്യമെന്നും സ്വരാജ് ആരോപിച്ചു.
മഴ പോലെ പെയ്തിറങ്ങുന്ന നുണകളെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാണിക്കാനുള്ള വേദി കൂടിയായാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയെ ഇടതുപക്ഷം കാണുന്നത്. അവിശ്വാസ പ്രമേയങ്ങള്‍ ഏറെ കണ്ട ചരിത്രമുള്ള നിയമസഭയാണ്. നല്ല രീതിയില്‍ പ്രമേയം അവതരിപ്പിക്കാന്‍ പ്രാപ്തിയുണ്ടായിട്ടും വിഡി സതീശന്റെ അവിശ്വാസ പ്രമേയം എന്തുകൊണ്ട് നനഞ്ഞ പടക്കം പോലെ ആയെന്ന് ആലോചിക്കണം. ഇത് പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇടത് സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ട് വരുമ്പോള്‍ ഡല്‍ഹിയിലും മറ്റൊരു അവിശ്വാസം ചര്‍ച്ചയാവുകയാണ്. സോണിയാ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. അത് ചിലപ്പോള്‍ വിജയിച്ചേക്കുമെന്നും എം സ്വരാജ് പറഞ്ഞു.
കേരളത്തിലെ കരുത്തനായ മുഖ്യമന്ത്രിയെ എന്തുചെയ്യുമെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നത്. പ്രാണനെടുക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിനാല്‍ മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. സ്വര്‍ണക്കടത്തില്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു എന്ന് പറഞ്ഞിട്ട് എന്തായി?
മുന്‍ യുഡിഎഫ് കാലത്ത് നടന്നത് വെറു കൊള്ളയല്ല തീവെട്ടിക്കൊള്ളയാണെന്ന് വിഡി സതീശന്‍ പറഞ്ഞിട്ടുണ്ട്. ആ വാക്ക് ഈ സര്‍ക്കാരിനെതിപെ ഉപയോഗിക്കാത്തതില്‍ അദ്ദേഹത്തിനോട് നന്ദിയുണ്ട്. കേരളം മാഫിയാ രാജിലേക്ക് പോകുന്നു എന്ന മുന്‍ പ്രസ്താവന മുല്ലപ്പള്ളി രാമചന്ദ്രനും ഇതുവരെ ഇടത് സര്‍ക്കാരിനെതിരെ പ്രയോഗിച്ചിട്ടില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.