98 ദിവസത്തിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍മോചിതനായി. കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശിവശങ്കറിന്റെ പ്രതികരണത്തിനായി കാത്തുനിന്ന ചാനലുകളുടെ മൈക്ക് കൈ കൊണ്ട് തട്ടി മാറ്റി ഒന്നും പ്രതികരിക്കാതെ കാറില്‍ കയറി പോയി.
ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശിവശങ്കറിനെ സ്വീകരിക്കാന്‍ ബന്ധുക്കളെത്തിയിരുന്നു. ജാമ്യ ഉത്തരവ് സഹോദരന്‍ ജയിലിലെത്തിച്ചിരുന്നു. കൈയ്യില്‍ പുസ്തകങ്ങളുമായാണ് ശിവശങ്കര്‍ പുറത്തേക്ക് വന്നത്. ബന്ധുക്കള്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. തിരുവനന്തപുരത്തേക്കാണ് ശിവശങ്കര്‍ പോയത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ഡോളര്‍ കടത്തില്‍ പങ്കില്ലെന്നും തെളിവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു ശിവശങ്കര്‍ കോടതിയില്‍ വാദിച്ചത്. കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളതെന്നും കോടതിയെ അറിയിച്ചിരുന്നു.
എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത് കേസിന് പുറമേ കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് എന്നിവയായിരുന്നു എം.ശിവശങ്കറിന്റെ മേലുള്ള കേസുകള്‍. കേസിലെ നാലാം പ്രതിയായിരുന്നു എം.ശിവശങ്കര്‍. ജാമ്യം അനുവദിച്ചതിന് പ്രത്യേക വ്യവസ്ഥകള്‍ കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ കെട്ടിവെയ്്ക്കണം. 2 ലക്ഷം രൂപയ്ക്ക് തുല്യമായ രണ്ട് ആള്‍ജാമ്യം വേണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റും സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു ജാമ്യം ലഭിച്ചത്. കള്ളപ്പണ കേസിലൂടെ പണം സമ്പാദിച്ചതായി കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു ആ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.