സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലായ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും. ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെയാണിത്. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് എം. ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിന് പുറമേ കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് എന്നിവയായിരുന്നു എം.ശിവശങ്കറിന്റെ മേലുള്ള കേസുകള്‍.
കേസിലെ നാലാം പ്രതിയായിരുന്നു എം.ശിവശങ്കര്‍. ജാമ്യം അനുവദിച്ചതിന് പ്രത്യേക വ്യവസ്ഥകള്‍ കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ കെട്ടിവെയ്്ക്കണം. 2 ലക്ഷം രൂപയ്ക്ക് തുല്യമായ രണ്ട് ആള്‍ജാമ്യം വേണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 28നാണ് എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു ജാമ്യം ലഭിച്ചത്. കള്ളപ്പണ കേസിലൂടെ പണം സമ്പാദിച്ചതായി കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു ആ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.