‘നിലപാടില്‍ മാറ്റമില്ല’, കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. ലൗ ജിഹാദ് പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുതെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. വിവിധ രൂപതകളില്‍ നിന്നുള്ള പരാതികള്‍ പരിശോധിച്ചാണ് സിനഡിന്റെ നിലപാടെന്നാണ് സഭയുടെ വിശദീകരണം. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തിയത്.
മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന പ്രശ്‌നമായി ലൗ ജിഹാദിനെ സഭ കാണുന്നില്ല. സമൂഹത്തെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്, ഇക്കാര്യത്തില്‍ കാര്യമായ പൊലീസ് അന്വേഷണം വേണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.
കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേരള സര്‍ക്കാരും ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ നിലപാടുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയത്. ലോക്‌സഭയില്‍ ബെന്നി ബെഹന്നാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷന്‍ റെഡ്ഡി കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ലോക്‌സഭയില്‍ അറിയിച്ചത്. കേരളത്തില്‍ രണ്ട് മത വിഭാഗക്കാര്‍ തമ്മില്‍ വിവാഹം നടന്നിട്ടുണ്ടെന്നും, ഇത് ലൗ ജിഹാദാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ രംഗത്തെത്തിയത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം