പാർട്ടിയിലെ ഏക എം എൽ എ മന്ത്രിയാകാത്തതിൽ എല്‍ജെഡിയില്‍ പൊട്ടിത്തെറി. ഇതിന് പിന്നാലെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ജില്ലാ സെക്രട്ടേറിയേറ്റിലും സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ്കുമാറിനെതിരെ കടുത്ത വിമർശനമാണ് ഉയര്‍ന്നത്. കൂത്തുപറമ്പില്‍ നിന്ന് ജയിച്ച കെ.പി. മോഹനനാണ് നിയമസഭയിലെ എല്‍ജെഡിയുടെ ഏകപ്രതിനിധി.
ആദ്യ ഘട്ടം മുതൽ മന്ത്രിയാകുവാൻ കെ.പി. മോഹനന്‍ ശ്രമിച്ചിരുന്നു. എന്നാൽ എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നൽകേണ്ട എന്നായിരുന്നു സിപിഎം തീരുമാനം. സിപിഎമ്മിൽ നിന്നും മന്ത്രിസ്ഥാനം വാങ്ങിച്ചെടുക്കാൻ സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിന് സാധിച്ചില്ലെന്നാണ് പ്രവർത്തകരുടെ വിമർശനം. ഓണ്‍ലൈനില്‍ ചേര്‍ന്ന കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ശ്രേയാംസ്കുമാറിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനത്തിനായി ശ്രമിക്കാവുന്നതിന്‍റെ പരമാവധി ശ്രമിച്ചുവെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം.
ജെഡിഎസുമായി ലയിക്കണമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്‍ജെഡിയോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും സിപിഎം ഈ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ ആവശ്യം എല്‍ജെഡി നിരസിക്കുകയായിരുന്നു . പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ സിപിഎം ഇടപെടേണ്ടതില്ല എന്നതായിരുന്നു എൽജെഡിയുടെ നിലപാട്.