മരച്ചീനിയില്‍ നിന്ന് മദ്യം നിര്‍മിക്കാന്‍ പ്രത്യേക നിയമനിര്‍മാണം ആവശ്യമില്ല: എക്‌സൈസ് മന്ത്രി

മരച്ചീനിയില്‍ നിന്ന് മദ്യം നിര്‍മിക്കാന്‍ പ്രത്യേക നിയമനിര്‍മാണം ആവശ്യമില്ല: എക്‌സൈസ് മന്ത്രി
Published on

മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍. ഇതിന് പ്രത്യേകം നിയമനിര്‍മാണം നടത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

പദ്ധതി ഫലപ്രദമായി നടപ്പാക്കാനായാല്‍ മരച്ചീനി കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും. മരച്ചീനി കൃഷി വളരെ വലിയ രീതിയില്‍ വിപുലീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുമുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആദ്യഘട്ടത്തിലാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ നിര്‍മിക്കാന്‍ ഗവേഷണം നടത്തുന്നത്. മൂല്യവര്‍ധിത കാര്‍ഷിക ദൗത്യം എന്ന പേരില്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനം വന്ന സ്ഥിതിക്ക് നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നും മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ധാന്യങ്ങളല്ലാതെ പഴവര്‍ഗം, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിതമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. അതില്‍ വൈനും വീര്യം കുറഞ്ഞ മദ്യവും ഉള്‍പ്പടെയുള്ളതെല്ലാം നമുക്ക് പരിശോധിക്കാനാകും. ഇതിനായി പ്രത്യേകനിയമഭേദഗതിയൊന്നും ആവശ്യമില്ല. 29 ശതമാനത്തിന് താഴെ മാത്രം മദ്യത്തിന്റെ അംശമുള്ള ഉത്പന്നങ്ങള്‍ സാധാരണ രീതിയില്‍ ഉത്പാദിപ്പിക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഇക്കാര്യം നടപ്പാക്കാനാകും. ഇത് ഫലപ്രദമായി നടപ്പാക്കാനായാല്‍ അത് മരച്ചീനിക്കര്‍ഷകര്‍ക്ക് വലിയൊരു നേട്ടമാകും'', എം.വി ഗോവിന്ദന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in